പ്രൊഫസര്‍ ജി.എന്‍. സായിബാബ അന്തരിച്ചു

മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ഏറെക്കാലം തടവില്‍ കഴിഞ്ഞ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബ (57) അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.വിചാരണക്കൊടുവില്‍ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ജയില്‍ മോചിതനാക്കിയിരുന്നു.

2014 മേയിലാണ് ഡല്‍ഹി സര്‍വകലാശാലയുടെ റാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ ഡല്‍ഹിയിലെ വസതിയില്‍നിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തി കേസെടുത്തതോടെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 2017-ലാണ് വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്.

2021 മാര്‍ച്ചില്‍ കോളജ് അദ്ദേഹത്തെ സര്‍വിസില്‍ നിന്ന് പുറത്താക്കി. 2022 ഒക്ടോബര്‍ 14ന് കേസില്‍ സായിബാബ ഉള്‍പ്പെട്ട പ്രതികളെ ഹൈകോടതി വിട്ടയച്ചെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തു. മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈകോടതിയില്‍ കേസ് പരിഗണിച്ച് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. യു.എ.പി.എ ചുമത്തിയ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി വിധി. കഴിഞ്ഞ മാര്‍ച്ചിലാണ് സായിബാബ ജയില്‍ മോചിതനായത്. ശാരീരിക അവശതകളെത്തുടര്‍ന്ന് വീല്‍ ചെയറിലായിരുന്നു അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നത്.