പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡല്‍ഹിയിലെ ഷാഹിന്‍ ബാഗില്‍ പൊലീസ് കാവലേര്‍പ്പെടുത്തി. സരിത വിഹാറില്‍ നിന്ന് ഷാഹിന്‍ ബാഗിലേക്കുള്ള ഗതാഗതം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. ദേഹപരിശോധനക്ക് ശേഷമാണ് പ്രദേശവാസികള്‍ക്ക് പോലും പ്രവേശനം അനുവദിക്കുന്നത്. ഹിന്ദുത്വവാദി കപില്‍ ഗുജ്ജര്‍ കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം.
ഹിന്ദു സേനയുടെ ഭാഗത്ത് നിന്നടക്കം പ്രതിഷേധക്കാര്‍ക്കു നേരെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഡല്‍ഹി പൊലീസിന്റെ നടപടി. ഷാഹിന്‍ ബാഗ് സമരപ്പന്തലിന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ ആര്‍.എസ് കൃഷ്ണയ്യ പറഞ്ഞു.
ഹിന്ദു സേന ഇന്നലെ മൂന്ന് തവണ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഷാഹിന്‍ ബാഗ് പരിസരത്ത് സംഘടിച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യത്തെ ഒറ്റുകാരെ വെടിവയ്ക്കൂ എന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഡല്‍ഹിയില്‍ രണ്ടിടങ്ങളിലായി പ്രതിഷേധക്കാര്‍ക്ക് നേരെ വെയിയുതിര്ത്തത്. തോക്കുധാരിയായ ഒരാളെ സമരപ്പന്തലില്‍വെച്ച് പിടികൂടി ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പാണ് കഴിഞ്ഞ ദിവസം കപില്‍ ഗുജ്ജറും ഷാഹിന്‍ ബാഗിലെത്തി സമരക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്നയിടങ്ങളിലെല്ലാം സംഘ്പരിവാര്‍ അനുകൂലികള്‍ തോക്കുമായി പ്രത്യക്ഷപ്പെടുന്നത് സാധാരണമാവുകയാണ്.
Read more
.