സർജിക്കൽ സ്‌ട്രൈക്കിലെ നിങ്ങളുടെ പങ്കിൽ അഭിമാനിക്കുന്നു: ദീപാവലി ദിനത്തിൽ സൈനികരോട് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലിയോട് അനുബന്ധിച്ച് ജമ്മു കശ്മീരിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. നൗഷേര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം നിലയുറപ്പിച്ച സൈനികർക്കൊപ്പമാണ് ഈ വർഷം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്.

“ഞാൻ ഇവിടെ വന്നത് നിങ്ങളുടെ പ്രധാനമന്ത്രിയായല്ല, ഒരു കുടുംബാംഗം എന്ന നിലയിലാണ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അനുഗ്രഹം നിങ്ങൾക്കുണ്ട്,” നൗഷേരയിൽ സൈനികരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.

“ഞാൻ ഇവിടെ ഇറങ്ങിയ നിമിഷം, എനിക്ക് അത്യധികമായ സന്തോഷമുണ്ടായി. ഈ സ്ഥലം നിങ്ങളുടെ ധീരതയുടെ ഉദാഹരണമാണ്. നൗഷേരയിൽ എല്ലാ ഗൂഢാലോചനകൾക്കും തക്കതായ മറുപടിയാണ് നിങ്ങൾ നൽകിയത്,” മോദി പറഞ്ഞു.

ഇത് രണ്ടാം തവണയാണ് മോദി ജില്ലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എംഎം നരവാനെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രദേശങ്ങൾ സന്ദർശിച്ചു.

അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 ദിവസമായി പൂഞ്ച്- രജൗരി വനമേഖലയിൽ സൈന്യം ഏറ്റവും ദൈർഘ്യമേറിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണ്. ഓപ്പറേഷനിൽ ഒമ്പത് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടെങ്കിലും മേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കെതിരെ ഇതുവരെ വിജയം കൈവരിച്ചിട്ടില്ല.

2019-ൽ രജൗരിയിലെ ഒരു ആർമി ഡിവിഷനിൽ പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു, ഇത്തവണ അദ്ദേഹം നിയന്ത്രണരേഖയ്ക്ക് സമീപമുള്ള നൗഷേരയിൽ സൈനികർക്കൊപ്പമാണ് ഉത്സവം ആഘോഷിക്കുന്നത്.

കഴിഞ്ഞയാഴ്ച ഇതേ സെക്ടറിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.