പിടി ഉഷ പാരീസ് ഒളിമ്പിക്‌സില്‍ രാഷ്ട്രീയം കളിച്ചു; ആശുപത്രി സന്ദര്‍ശിച്ചത് ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കാനെന്ന് വിനേഷ് ഫോഗട്ട്

പിടി ഉഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരവും ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ട്. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ മേധാവി പിടി ഉഷ പാരീസ് ഒളിമ്പിക്‌സില്‍ രാഷ്ട്രീയം കളിച്ചുവെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആരോപണം. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷിന്റെ പ്രതികരണം.

വിനേഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിടി ഉഷ നടത്തിയ സന്ദര്‍ശനത്തെയും അവര്‍ വിമര്‍ശിച്ചു. പിടി ഉഷയുടെ സന്ദര്‍ശനം ആത്മാര്‍ത്ഥമായ പിന്തുണ നല്‍കാനായിരുന്നുവെന്ന് തനിക്ക് തോന്നിയില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ആശുപത്രി സന്ദര്‍ശിച്ച ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് വിനേഷിന്റെ പ്രതികരണം.

പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷിനെ ഭാരം കൂടിയെന്ന് ആരോപിച്ച് അയോഗ്യയാക്കിയ നടപടിയില്‍ ഇന്ത്യ ഒളിമ്പിക്‌സ് അസോസിയേഷന്‍ അപ്പീല്‍ വൈകാന്‍ നല്‍കിയെന്നും ഫോഗട്ട് ആക്ഷേപം ഉന്നയിച്ചു. പിടി ഉഷ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് അത്യാവശ്യ സമയത്ത് പിന്തുണ ലഭിച്ചില്ലെന്നും വിനേഷ് ആരോപിക്കുന്നു.

താന്‍ മുന്‍കൈയെടുത്താണ് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാരല്ല താന്‍ വ്യക്തിപരമായാണ് കേസ് നല്‍കിയത്. ഒരു ദിവസത്തിന് ശേഷമാണ് ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായത്. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ മൂന്നാം കക്ഷിയായിരുന്നുവെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

ഗുസ്തി ഫെഡറേഷന്‍ നേതൃത്തിനെതിരെയും വിനേഷ് ഫോഗട്ട് കടുത്ത വിമര്‍ശനം ഉന്നയിച്ചു. ലൈംഗികാരോപണം നേരിട്ടതിനെ തുടര്‍ന്ന് ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞ ബ്രിജ് ഭൂഷണിന് പകരം ഫെഡറേഷന്‍ അധ്യക്ഷനായ സഞ്ജയ് സിംഗിനെതിരെയാണ് ഫോഗട്ടിന്റെ ആരോപണം.

സഞ്ജയ് സിംഗില്‍ പ്രതീക്ഷയില്ല. അയാളെ വിശ്വസിക്കാനാവില്ല. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയാണ് സഞ്ജയ് സിംഗെന്നും വിനേഷ് ആരോപിച്ചു.