കശ്മീരിനേക്കാൾ പഞ്ചാബ് ദുർബലം, വോട്ടെടുപ്പിന് മുമ്പ് ഭീകരാക്രമണങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ഇന്റലിജൻസ് ഏജൻസികൾ

തിരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബിൽ കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകി. പ്രധാനപ്പെട്ട നിര്‍മ്മിതികളുടെ സുരക്ഷ ശക്തമാക്കാനും സോഷ്യൽ മീഡിയയിൽ കർശന നിരീക്ഷണം നടത്താനും ഇന്റലിജൻസ് ഏജൻസികൾ സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടു.

തീവ്രവാദ പ്രവർത്തനങ്ങൾ ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസിന് നിരവധി സുരക്ഷാ ഉപദേശങ്ങൾ ഇതിനകം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട്, ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ സംഘങ്ങൾ സംസ്ഥാന പൊലീസുമായും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുമായും ഏകോപിച്ചു പ്രവർത്തിക്കുന്നുണ്ട്.

“സംസ്ഥാന ഇന്റലിജൻസ് ഓഫീസർമാരുമായി ഞങ്ങൾ ഒരു യോഗം നടത്തുകയും സംസ്ഥാനത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഏതെങ്കിലും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് തടയാൻ സോഷ്യൽ മീഡിയയിൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പഞ്ചാബ് കശ്മീരിനേക്കാൾ കൂടുതൽ ദുർബലമാണ്,” ഇന്റലിജൻസ് അധികൃതർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ പ്രവർത്തനങ്ങളിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നും ഇന്ത്യൻ പ്രദേശത്ത് സ്ഫോടക വസ്തുക്കളും ആയുധങ്ങളും ഉപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ കള്ളക്കടത്ത് സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

സ്‌ഫോടകവസ്തുക്കൾ കടത്താൻ ഡ്രോണുകൾ ഉപയോഗിച്ച നിരവധി സംഭവങ്ങൾ കണ്ടെത്താനായിട്ടില്ല, ഇത്തരത്തിൽ കടത്തിയ സ്‌ഫോടകവസ്തുക്കൾ തിരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാന നില തകരാറിലാക്കാനുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചേക്കാം. ലുധിയാനയിലെ ഒരു ബോംബ് സ്‌ഫോടനത്തിന് പുറമേ, സുവർണ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അതിക്രമിച്ചുകയറിയതിനും കപൂർത്തലയിലെ ആൾക്കൂട്ട കൊലപാതകത്തിനും സംസ്ഥാനം അടുത്തിടെ സാക്ഷ്യം വഹിച്ചു.

ഗുർദാസ്പൂർ സെക്ടറിലെ ഇന്ത്യ-പാക് അതിർത്തിയിൽ നിന്നും ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വെടിവെച്ചു കൊന്നു. അമൃത്സറിലും ഗുരുദാസ്പൂരിലും കൊല്ലപ്പെട്ട യുവാക്കളെ തിരിച്ചറിയാനായിട്ടില്ല.

ഡിസംബർ 20ന് പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് ഡ്രോൺ കണ്ടിരുന്നു. ബിഎസ്എഫ് ജവാന്മാർ അഞ്ച് റൗണ്ട് വെടിയുതിർത്തെങ്കിലും പാകിസ്ഥാൻ അതിർത്തിക്കുള്ളിലേക്ക് ഡ്രോൺ തിരിച്ചു പറന്നു.