ഛത്തീസ്ഗഡിലെ റായ്പൂരിൽ ഇന്നലെ നടന്ന ‘ധരം സൻസദ്’ (മത പാർലമെന്റിൽ) മഹാത്മാഗാന്ധിയെ അപമാനിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രശംസിക്കുകയും ചെയ്തതിന് മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഹിന്ദു മതനേതാവിനെതിരെ പൊലീസ് കേസെടുത്തു.
മതനേതാവ് സന്ത് കാളീചരൺ മഹാരാജിനെതിരെ മുൻ മേയർ പ്രമോദ് ദുബെ പരാതി രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനാണ് കേസെടുത്തത്. വിവാദ പ്രസംഗത്തെ തുടർന്ന് പരിപാടിയുടെ മുഖ്യ രക്ഷാധികാരി മഹന്ത് രാംസുന്ദർ ദാസ് ദേഷ്യത്തോടെ സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി.
ഭരണകക്ഷിയായ കോൺഗ്രസിന്റെ സംസ്ഥാന ഘടകം പ്രസിഡന്റ് മോഹൻ മാർക്കവും സന്ത് കാളീചരൺ മഹാരാജിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചടക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്ന് കാളീചരൺ മഹാരാജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. “മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു… അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെയ്ക്ക് അഭിവാദ്യങ്ങൾ” എന്നും കാളീചരൺ പ്രഖ്യാപിച്ചു.
ഹിന്ദുമതത്തെ “സംരക്ഷിക്കാൻ” ഒരു “കരുത്തുള്ള ഹിന്ദു നേതാവിനെ” തിരഞ്ഞെടുക്കണമെന്ന് കാളീചരൺ മഹാരാജ് ആവശ്യപ്പെട്ടു. അതേസമയം പ്രസംഗം കേട്ട് രോഷാകുലനായ ഛത്തീസ്ഗഡിലെ ദുധാധാരി ക്ഷേത്രത്തിൽ നിന്നുള്ള മഹന്ത് രാംസുന്ദർ ദാസ്, മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടി തന്റെ ജീവൻ ബലിയർപ്പിച്ച വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ ചെലവിൽ അത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചു.
“മഹാത്മാഗാന്ധിയെ ഈ വേദിയിൽ അധിക്ഷേപിച്ചു, ഞാൻ അതിനെ എതിർക്കുന്നു. ഇത് സനാതന ധർമ്മമല്ല, ‘മതങ്ങളുടെ പാർലമെന്റ്’ പോലുള്ള ഒരു വേദിയിൽ ഇത്തരമൊരു കാര്യം സംഭവിക്കരുത്. എനിക്ക് സംഘാടകരോട് ചോദിക്കാനുള്ളത് എന്തുകൊണ്ട് നിങ്ങൾ ഇതിനെതിരെ ഒരു എതിർപ്പ് ഉന്നയിച്ചില്ല എന്നാണ്,” അദ്ദേഹം ചോദിച്ചു.
“ഈ രാജ്യത്ത് 30 കോടി മുസ്ലിങ്ങൾ താമസിക്കുന്നു 15 കോടിയോളം ക്രിസ്ത്യാനികൾ താമസിക്കുന്നു ഒരാൾ ഇതുപോലെ പ്രസംഗം നടത്തിയാൽ ഉടനെ ഇന്ത്യ ‘ഹിന്ദു രാഷ്ട്രം’ ആകുമോ? ഞാൻ ഈ പരിപാടിയുടെ ഭാഗമല്ല” സ്റ്റേജിൽ നിന്ന് ഇറങ്ങി കൊണ്ട് മഹന്ത് ദാസ് പറഞ്ഞു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പരിപാടിയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം പരിപാടി ഒഴിവാക്കി.
Read more
ഡൽഹിയിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും അടുത്തിടെ നടന്ന രണ്ട് കോൺക്ലേവുകളിൽ “വംശീയ ഉന്മൂലനത്തിന്” ആഹ്വാനം ചെയ്ത മറ്റ് ഹിന്ദു മതനേതാക്കളിൽ നിന്നുള്ള വിവാദ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് കാളീചരൺ മഹാരാജിന്റെ വിദ്വേഷ പ്രസംഗം.