രാഹുല്‍ ഗാന്ധി മനുഷ്യത്വം ഉള്ളവന്‍; ഭാരത് ജോഡോ യാത്രയെ നയിക്കുന്നത് സ്‌നേഹവും അനുകമ്പയും; സവര്‍ക്കര്‍ പരാമര്‍ശത്തില്‍ മഞ്ഞുരുക്കി ശിവസേന

രാഹുല്‍ ഗാന്ധി മനുഷ്യത്വം ഉള്ള വ്യക്തിയാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം. രാഹുലിന്റെ സവര്‍ക്കര്‍ പരാമര്‍ശനത്തില്‍ ഇടഞ്ഞു നിന്ന ശിവസേനയുടെ പുതിയ നീക്കം വിവാദങ്ങള്‍ തണുപ്പിക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. സവര്‍ക്കര്‍ പരാമര്‍ശത്തില്‍ ഉദ്ധവ് വിഭാഗം കോണ്‍ഗ്രസ് മുന്നണി വിടുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് രാഹുലിനെ പുകഴ്ത്തി ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്.

ആരോഗ്യസ്ഥിതി അന്വേഷിച്ച് രാഹുല്‍ ഫോണില്‍ വിളിച്ചെന്നും രാഷ്ട്രീയമായി വിയോജിപ്പുകള്‍ ഉണ്ടെങ്കിലും സ്‌നേഹാന്വേഷണം അദ്ദേഹത്തിന്റെ മനുഷ്യത്വം എടുത്തുകാട്ടുന്നതായും റാവുത്ത് ട്വിറ്ററില്‍ കുറിച്ചു. സ്‌നേഹവും അനുകമ്പയുമാണ് ഭാരത് ജോഡോ യാത്രയെ നയിക്കുന്നതെന്നും പറഞ്ഞു.

സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചിട്ടുണ്ടെന്നും അധികൃതര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചെന്നും രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്ന ശിവസേനയെ ഇത് പ്രതിരോധത്തിലാക്കിയിരുന്നു.

രാഹുലിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മഹാ വികാസ് അഘാഡി (ശിവസേനഎന്‍സിപികോണ്‍ഗ്രസ്) സഖ്യത്തില്‍ പിളര്‍പ്പുണ്ടാകുമെന്നു കഴിഞ്ഞ ആഴ്ച്ച ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. സവര്‍ക്കറോ നെഹ്‌റുവോ ആരുമാകട്ടെ, സ്വാതന്ത്ര്യസമര സേനാനികളെ മോശമാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാന്‍ അവര്‍ ജീവിച്ചിരിക്കുന്നില്ലെന്നോര്‍ക്കണം.

സവര്‍ക്കര്‍, സുഭാഷ് ചന്ദ്രബോസ്, നെഹ്റു, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, മഹാത്മാഗാന്ധി തുടങ്ങി സ്വാതന്ത്ര്യത്തിനു വേണ്ടി സന്തോഷങ്ങള്‍ ബലിയര്‍പ്പിച്ച എല്ലാവരോടും ജനങ്ങള്‍ക്ക് ആദരവുണ്ട്. നെഹ്‌റു ചെയ്ത നല്ലകാര്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യം പാക്കിസ്ഥാനെപ്പോലെയാകാന്‍ അധികം സമയമെടുക്കില്ലായിരുന്നു എന്നും റാവുത്ത് പറഞ്ഞു.