നടൻ വിജയ് നേതൃത്വം നൽകുന്ന പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നടൻ ഇക്കാര്യം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.
2009ൽ രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, വിജയ് കോൺഗ്രസിൽ ചേരുമെന്ന പ്രചാരണം സജീവമായിരുന്നു. എന്നാൽ ആരാധകരുടെ പിന്തുണയുടെ കരുത്തിൽ പാർട്ടി തുടങ്ങാൻ രാഹുൽ ഉപദേശിച്ചെന്നും പ്രചാരണമുണ്ടായിരുന്നു. അതേസമയം രാഹുൽ വിജയ്ക്കൊപ്പം വേദി പങ്കിട്ടാൽ ഡിഎംകെ- കോൺഗ്രസ് സഖ്യത്തിൽ ഉലച്ചിലുണ്ടാകാം.
തമിഴക വെട്രി കഴകത്തിന്റെ ആദ്യ യോഗം ഈ മാസം 23ന് വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് നടക്കുന്നത്. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും സിനിമാ മേഖലയിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.