'രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ കുറിച്ച്'; ഹിന്ദു മതത്തില്‍ അക്രമത്തിന് സ്ഥാനമില്ല; പിന്തുണച്ച് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗത്തെ പിന്തുണച്ച് ഉത്തരാഖണ്ഡിലെ ജ്യോതിര്‍ മഠാധിപതി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി. രാഹുല്‍ ഗാന്ധി ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ വീഡിയോയും കണ്ടുവെന്നും അതില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു.

സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയായിരുന്നു അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ പ്രസ്താവന. ഹിന്ദു മതത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് തികച്ചും ശരിയാണെന്നും ജ്യോതിര്‍ മഠാധിപതി കൂട്ടിച്ചേര്‍ത്തു. ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്നായിരുന്നു ലോക്‌സഭയില്‍ രാഹുലിന്റെ പ്രസ്താവന.

ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ രാപ്പകലില്ലാതെ വിദ്വേഷവും ഭയവും പ്രചരിപ്പിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. ബിജെപിയെയും ആര്‍എസ്എസിനെയും ലക്ഷ്യം വച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ സഭയില്‍ മോദിയും അമിത്ഷായും വിമര്‍ശനം ഉന്നയിച്ചിരുന്നു.

രാഹുല്‍ ഗാന്ധി മുഴുവന്‍ ഹിന്ദു സമൂഹത്തെയും അവഹേളിച്ചെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ രാഹുലിന്റെ പ്രസ്താവന ഹിന്ദു വിരുദ്ധമാണെന്നും രാഹുല്‍ ഹിന്ദു മതത്തെ അവഹേളിച്ചെന്നും ആരോപിച്ച് സംഘപരിവാര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ സംഘപരിവാറിന്റെ വാദത്തെ പൊളിക്കുന്നതാണ് ഉത്തരാഖണ്ഡിലെ ജ്യോതിര്‍ മഠാധിപതിയുടെ വാക്കുകള്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. അത്തരക്കാര്‍ പത്രത്തിലോ ചാനലിലോ ആയാലും ശിക്ഷിക്കപ്പെടണമെന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു.

Read more

രാഹുല്‍ ഗാന്ധി തന്റെ പ്രസ്താവന കേന്ദ്രം നയിക്കുന്ന പാര്‍ട്ടിയിലേക്കാണ് വിരല്‍ ചൂണ്ടിയതെന്നും ഹിന്ദുമതത്തിലേക്കല്ലെന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി വ്യക്തമാക്കി.