143 എംപിമാരെ കൂട്ടത്തോടെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതില്‍ ആര്‍ക്കും പ്രശ്‌നമില്ല, ഇവര്‍ക്ക് ഇപ്പോഴും താല്‍പര്യം മിമിക്രി വിവാദമാണ്; ബിജെപിയേയും മാധ്യമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പാര്‍ലമെന്റില്‍ 143 എംപിമാരെ പുറത്താക്കിയതും തൊഴിലില്ലായ്മയും അടക്കം പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം അവഗണിച്ച് മിമിക്രി വിവാദത്തിന് പിന്നാലെ പായുന്ന ബിജെപിയേയും മാധ്യമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
പാര്‍ലമെന്റില്‍നിന്ന് എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയത് മാധ്യമങ്ങള്‍ക്ക് പ്രശ്നമല്ലെന്നും അനാവശ്യവിവാദങ്ങളില്‍ ചര്‍ച്ച നടത്തുന്നതില്‍ മാത്രമാണ് താത്പര്യമെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധത്തിനിടെ രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി അദ്ദേഹത്തെ അനുകരിച്ച് കാണിച്ചത് കഴിഞ്ഞ ദിവസങ്ങളിലായി വലിയ വിവാദമാക്കി മാറ്റിയിരിക്കുകയാണ് ഭരണപക്ഷം.

പാര്‍ലമെന്റിലെ എംപിമാരുടെ സസ്‌പെന്‍ഷന്‍ അടക്കം കാര്യങ്ങളെ കുറിച്ച് കാര്യമായ ചോദ്യങ്ങളില്ലാതെ ഉപരാഷ്ട്രപതിയെ മിമിക്രി കാണിച്ചു ആക്ഷേപിച്ചുവെന്നാരോപിച്ച് കൊണ്ട് വിവാദമുണ്ടാക്കുകയും അതുമായി ബന്ധപ്പെട്ട് പ്രതികരണം തേടുകയും ചെയ്ത മാധ്യമങ്ങളെ നിശിതമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. താന്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട എംപിമാര്‍ പുറത്തിരിക്കുന്നതിന്റെ ദൃശ്യങ്ങളും ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ എന്തുകൊണ്ടാണ് അത് ചര്‍ച്ചയാവാത്തതെന്നും രാഹുല്‍ ചോദിച്ചു.

ആര് ആരെയാണ് അപമാനിച്ചത്.? ഞങ്ങളുടെ 150 ഓളം എം.പി.മാരെയാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. അതിനെക്കുറിച്ച് ഒരു മാധ്യമങ്ങളിലും ചര്‍ച്ചയില്ല. അദാനിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല, റഫേലിനെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും ചര്‍ച്ചയില്ല. ഞങ്ങളുടെ എംപിമാര്‍ നിരാശരായി പുറത്തു പ്രതിഷേധിക്കുകയാണ്. പക്ഷേ നിങ്ങള്‍ക്ക് താത്പര്യം മിമിക്രിയാണ്.

Read more

പാര്‍ലമെന്റ് സുരക്ഷാവീഴ്ചയും പ്രതിപക്ഷ എംപിമാരുടെ കൂട്ടസസ്പെന്‍ഷനും ചോദ്യം ചെയ്ത് പ്രതിപക്ഷ എം.പി.മാര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ അനുകരിച്ചത്. ഇത് രാഹുല്‍ ഗാന്ധി ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെയാണ് തന്നെ അവഹേളിച്ചു എന്നാരോപണമായി ധന്‍കര്‍ രംഗത്തെത്തിയത്. പിന്നാലെ ഇത് വലിയ ചര്‍ച്ചയായി. പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷനടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഈ വിഷയം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെയാണ് മാധ്യമങ്ങളോ് വാര്‍ത്ത കാണിക്കൂ, അതാണ് നിങ്ങളുടെ ഉത്തരവാദിത്തം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.