രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ നിയമിക്കാനുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി. ലോക്സഭയിലെ പാർട്ടി നേതാവായി രാഹുൽ ഗാന്ധിയെ നിയമിക്കണമെന്നായിരുന്നു പ്രമേയം. അതേസമയം പ്രതിപക്ഷത്തെ നയിക്കാൻ രാഹുലാണ് ഏറ്റവും യോഗ്യനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഏത് മണ്ഡലം നിലനിർത്തുമെന്നതിൽ പാർലമെൻ്റ് ചേരുന്ന 17ന് മുമ്പ് തീരുമാനം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാൽ അറിയിച്ചു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്നതില്‍ ചര്‍ച്ച തുടരുന്നുകയാണ്. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് സൂചന. റായ്ബറേലിയിൽ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. വയനാട് സീറ്റ് ഒഴിഞ്ഞാല്‍ മത്സരിത്തിന് കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിച്ചേക്കും.
രാഹുൽ ഗാന്ധിയെ ലോക്സഭാ കക്ഷിയാക്കുകയും സാധാരണക്കാരുടെ ശബ്ദമാകുകയും പാർലമെൻ്റിൽ അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്യണമെന്നത് സിഡബ്ല്യുസിയുടെ ആഗ്രഹമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് അജയ് റായ് പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് തങ്ങൾക്ക് സീറ്റ് കുറഞ്ഞു എന്നതിനെക്കുറിച്ച് തങ്ങൾ അന്വേഷിക്കുകയാണെന്നും അജയ് റായ് കൂട്ടിച്ചേർത്തു. ‘കോൺഗ്രസ് മുക്ത’ എന്ന ബിജെപിയുടെ അവകാശവാദം പരാജയപ്പെട്ടുവെന്നും രാജ്യം ഇപ്പോൾ വീണ്ടും ‘കോൺഗ്രസ് യുക്ത്’ ആയി മാറിയിരിക്കുന്നുവെന്നും അജയ് റായ് പറഞ്ഞു.
പത്ത് വർഷത്തിനുശേഷമാണ് ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് കോൺഗ്രസ് വീണ്ടും എത്തുന്നത്. ഒരു പാർട്ടിക്കും 10 ശതമാനം സീറ്റുകൾ നേടാനാകാത്തതിനാൽ 2014 മുതൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2019ൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി, നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടിവരും.