ഹത്രാസ്​ ബലാത്സംഗ കൊല; രാഹുലും പ്രിയങ്കയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും, കോൺഗ്രസ്​ എം.പിമാരും അനുഗമിക്കും

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്​ച ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത്​ പെൺകുട്ടിയുടെ കുടുംബത്തെ​ സന്ദർശിക്കും. കോൺഗ്രസ്​ എം.പിമാരും ഇവരെ അനുഗമിക്കും. ശനിയാഴ്​ച ഉച്ചക്ക്​ ശേഷം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി ഇരുവരും പുറപ്പെടുമെന്ന്​ കോൺഗ്രസ്​ നേതൃത്വം അറിയിച്ചു.

നേരത്തെ ഹത്രാസിൽ കൂട്ടബലാത്സഗത്തിനിരയായ പെൺകുട്ടിയുടെ വീട്​ സന്ദർശിക്കാനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കയേയും യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ്​ ലാത്തി വീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്​തിരുന്നു. ഇതിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി രാഹുൽ വീണ്ടും പുറപ്പെടുന്നത്​.

അതേസമയം, സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുമെന്ന്​ റിപ്പോർട്ടുകളുണ്ട്​.

ഹത്രാസ് ബലാത്സംഗ കൊലപാതക കേസില്‍ പ്രതിഷേധം ശക്തമായതോടെ നടപടികള്‍ക്ക് നിർബന്ധിതമായി യു.പി സർക്കാർ. എസ്.പി, ഡി.എസ്.പി, ഇന്‍സ്പെക്ടര്‍ എന്നിവരടക്കം 5 പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു. കേസ് ഉടന്‍ സി.ബി.ഐക്ക് വിട്ടേക്കും. അതേസമയം മാധ്യമ പ്രവർത്തകരുടെയും പെണ്‍കുട്ടിയുടെ സഹോദരന്‍റെയും ഫോണ്‍ സംഭാഷണം സർക്കാർ ചോർത്തുന്നു എന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.