മണിപ്പൂർ കലാപഭൂമിയിൽ ആശ്വാസം പകർന്ന് രാഹുൽ ഗാന്ധി; ട്രാജഡി ടൂറിസമെന്ന് ബിജെപി

മണിപ്പൂർ കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ ജിരിഭം എച്ച്എസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത്. അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. കലാപ ബാധിതരെ പാർപ്പിച്ചിരിക്കുന്ന ജിരിബാം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ രാഹുൽ അവിടെയുണ്ടായിരുന്നവരുമായി സംസാരിച്ചു.

ചുരാചന്ദ്പൂർ, മൊയ്റാ​ങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും രാഹുൽ ​ഗാന്ധി സന്ദ‌ർശനം നടത്തും. വൈകീട്ട് 6 മണിക്ക് ​ഗവർണർ അനസൂയ ഉയിക്കയെ കാണും. ഇതിന് ശേഷം വാർത്താ സമ്മേളനം നടത്തും. കലാപമുണ്ടായ ശേഷം മൂന്നാം തവണയാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. നേരത്തെ പ്രശ്നങ്ങളില്ലാതിരുന്ന ജിരിബാം മേഖലയിലേക്ക് ഈയിടെയാണ് സംഘർഷം വ്യാപിച്ചത്.

അതിനിടെ രാഹുലിന്റെ ട്രാജഡി ടൂറിസമാണിതെന്ന് ബിജെപി വിമർശിച്ചു. മണിപ്പൂരിൽ കലാപത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത് കോൺ​ഗ്രസ് ഭരണകാലത്താണെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു.

അതേസമയം അസമിലെത്തിയ രാഹുൽ ഗാന്ധി പ്രളയബാധിതരെയും കണ്ടു. അസമിലെ ഫുലേർട്ടലിലെ തലായി ഇൻ യൂത്ത് കെയർ സെൻ്ററിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. 28 ജില്ലകളിലെ 3,446 വില്ലേജുകളിലായി 23 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. 68,432.75 ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.

Read more