പ്രതിരോധകാര്യ സമിതിയില്‍ രാഹുല്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടിയില്‍ കങ്കണ; പാര്‍ലമെന്റ് സ്റ്റാൻഡിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു

വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരെ ഉള്‍പ്പെടുത്തി പാര്‍ലമെന്റ് സ്റ്റാൻഡിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രതിരോധകാര്യസമിതി (ഡിഫന്‍സ് അഫയേഴ്‌സ് കമ്മിറ്റി)യില്‍ അംഗമാക്കി. ബിജെപി എംപി രാധാമോഹന്‍ സിങ്ങാണ് സമിതി അധ്യക്ഷന്‍. തിരുവനന്തപുരം എംപി ശശി തരൂര്‍, വിദേശകാര്യസമിതയുടെ അധ്യക്ഷനാകും.

ബിജെപി എംപി നിഷികാന്ത് ദുബെയാണ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റിയുടെ അധ്യക്ഷന്‍. നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്നുള്ള എംപിയുമായ കങ്കണ റണാവത്ത് ഈ സമിതിയിലെ അംഗമാണ്. ബിജെപി നേതാവ് രാധാമോഹൻ ദാസ് അഗർവാളിനെ ആഭ്യന്തരകാര്യ പാർലമെൻ്ററി കമ്മിറ്റി ചെയർമാനായി നിയമിച്ചു. ബിജെപി എംപി ഭർതൃഹരി മഹ്‌താബിന് ധനകാര്യ പാർലമെന്ററി സമിതിയുടെ ചുമതല നൽകി.

സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാഭ്യസം, കായികം എന്നീ വിഭാഗങ്ങൾക്കുള്ള പാർലമെന്റ് കമ്മിറ്റിയുടെ അധ്യക്ഷൻ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ്‌വിജയ് സിങ്ങാണ്. ആരോഗ്യകാര്യ സമിതി അധ്യക്ഷസ്ഥാനം സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവിനാണ്.

Read more