രാഹുലിന്റെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി; ഒഴിവാക്കിയത് ഹിന്ദു-ബിജെപി-ആർഎസ്എസ് വിമർശനങ്ങൾ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി. ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർഎസ്എസിനെതിരായ പരാമർശവുമാണ് നീക്കിയത്. ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്ന് പറഞ്ഞ രാഹുൽ, ഹിന്ദു മൂല്യങ്ങളെ ബിജെപി തെറ്റായി വ്യാഖ്യാനിക്കുന്നതിനെയും വിമർശിച്ചിരുന്നു. ഇതിനെതിരെ ബിജെപി വൻ പ്രതിഷേധവും ഉയർത്തിയിരുന്നു.

ഇന്നലത്തെ ഒരുമണിക്കൂർ നാല്പത് മിനിറ്റ് നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗം ഭരണ പക്ഷത്തെ ചൊടിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രചാരണങ്ങള്‍, നീറ്റ് പേപ്പര്‍ ചോര്‍ച്ച, അഗ്നിവീർ പദ്ധതി, മണിപ്പൂർ തുടങ്ങിയവാണ് പ്രധാനമായും രാഹുല്‍ ഗാന്ധി ഇന്നലെ സഭയിൽ ഉന്നയിച്ചത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും കിരണ്‍ റിജിജുവിനും രാജ്‌നാഥ് സിങിനും വരെ രാഹുലിന്റെ കടുത്ത വിമര്‍ശനത്തിന്റെ ചൂടേറ്റുവാങ്ങേണ്ടിവന്നു.

ആദ്യം ഭരണഘടനയുടെ പതിപ്പ് ഉയർത്തിക്കാട്ടിയ രാഹുൽ, പിന്നീട് പ്രസംഗത്തിനിടെ ദൈവങ്ങളുടെ ചിത്രങ്ങളും എടുത്തുകാട്ടി. മതമൈത്രിയെ കുറിച്ച് സംസാരിക്കാൻ ബിജെപിക്ക് അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു രാഹുൽ ദൈവങ്ങളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയത്. പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ പ്രസംഗം ബിജെപിയെ ചൊടിപ്പിച്ചിരുന്നു.

എന്നാൽ രാഹുൽ നടത്തിയ പരാമർശം, മുഴുവൻ ഹിന്ദു സമുദായത്തെ ഉദ്ദേശിച്ചാണെന്നായിരുന്നു മോദി ഉൾപ്പെടെയുള്ളവരുടെ ആദ്യം മുതലേയുള്ള ആരോപണം. ഇക്കാര്യം പരിശോദിക്കപ്പെടണമെന്നും അമിത് ഷായും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സഭാ രേഖകളിൽനിന്ന് പരാമർശം ഒഴിവാക്കിയത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിക്കും ആര്‍എസ്എസിനും പങ്കുണ്ടെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെ പാര്‍ലമെന്റിൽ കോലാഹലം ഉണ്ടായി. ഭരണഘടനയുടെ പകര്‍പ്പിനൊപ്പം പരമശിവന്‍, യേശുക്രിസ്തു, ഗുരു നാനാക് സിംഗ്, പ്രവാചകന്‍ മുഹമ്മദ് നബി എന്നിവരുടെയടക്കം മതപരമായ അടയാളങ്ങളും ചില ഫോട്ടോകളുമായാണ് രാഹുല്‍ ഗാന്ധി പ്രസംഗം പൂര്‍ത്തിയാക്കിയത്. ബിജെപിക്കും അതിന്റെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആര്‍എസ്എസിനുമെതിരെ രൂക്ഷമായ ആക്രമണം നടത്തിയ രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ എല്ലാ ഹിന്ദുക്കളെയും ബിജെപിയും ആര്‍എസ്എസും പ്രതിനിധീകരിക്കുന്നില്ല എന്ന് കൂടി വ്യക്തമാക്കിയിരുന്നു.

അതേസമയം രാഹുൽ ഗാന്ധി ഹിന്ദുക്കളെ അക്രമകാരികളെന്ന് വിളിച്ചുവെന്നും അത് ഗൗരവതരമെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഹിന്ദുമതത്തിന്റെ പേരിൽ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നുവെന്ന ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്റെ പരാമർശവുമായിരുന്നു ട്രഷറി ബെഞ്ചിനെ ചൊടിപ്പിച്ചത്. രാഹുൽ മാപ്പ് പറയണമെന്ന് അമിത് ഷായും ആവശ്യപ്പെട്ടു. എന്നാൽ മോദിയോ ആർഎസ്എസ്സോ ബിജെപിയോ ഹിന്ദുക്കളെ ആകെ പ്രതിനിധീകരിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. സത്യത്തിനൊപ്പം നിൽക്കണമെന്നും അതിനെ ഭയന്ന് പിന്നോട്ട് പോകരുതെന്നും ഹിന്ദുമതത്തിൽ വ്യക്തമായി എഴുതിയിരിക്കുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.