'തത്കാലം ഷഹീൻ ബാഗിലേക്ക് പോകേണ്ടെന്ന് നിർദേശം'; പ്രതിഷേധിക്കുന്നവരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ബാബ രാംദേവ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരുമായി യോഗ ഗുരു ബാബ രാംദേവ്  നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. ഷഹീൻ ബാഗിൽ അമ്മമാർ നടത്തുന്ന സമരത്തിന് പിന്നില്‍ വിദേശ ശക്തികളാണെന്ന് നേരത്തെ രാംദേവ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഷഹീന്‍ ബാഗ് സന്ദര്‍ശനം റദ്ദാക്കാന്‍ ഉപദേശം ലഭിച്ചുവെന്നാണ് വിവരം. പൊലീസിന്റെ നിര്‍ദേശ പ്രകാരമാണ് രാംദേവ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് സൂചന.

ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഒരു പോരാട്ടം താന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ അവരെ കേള്‍ക്കാന്‍ ഷഹീന്‍ ബാഗിലേയ്ക്ക് പോകുകയാണെന്നായിരുന്നു കളിഞ്ഞ ദിവസം രാംദേവ് പ്രതികരിച്ചത്.

Read more

“ഞാന്‍ ആര്‍ക്കും ഒപ്പമല്ല, ആര്‍ക്കും എതിരുമല്ല.. ഞാന്‍ മധ്യേ നില്‍ക്കുന്ന ഒരാളാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഒരു പോര് താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മുസ്ലിങ്ങള്‍ക്കെതിരെ അനീതിയുണ്ടെങ്കില്‍ താന്‍ അവര്‍ക്കൊപ്പം നില്‍ക്കു”മെന്ന് പറഞ്ഞു കൊണ്ടാണ് ശനിയാഴ്ച ഷഹീന്‍ ബാഗ് സന്ദര്‍ശിക്കുമെന്ന് രാംദേവ് കൂട്ടിച്ചേര്‍ത്തത്. താന്‍ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന ആളാണ്. ഏതു തരത്തിലുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിഷേധങ്ങളെയും.  എന്നാല്‍ ഇത് ഭരണഘടനാപരമാകണം. അത് ആരെയും വേദനിക്കുന്നതാകരുത്. ജിന്ന-വാലി ആസാദി വേണ്ടെന്നും, ഭഗത് സിംഗ്-വാലി ആസാദി ആണ് വേണ്ടതെന്നുമാണ് രാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞത്.