ഭരണഘടനയെ രാജ്യസഭയില്‍ ചോദ്യം ചെയ്ത് ഗൊഗോയി; സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം; കന്നിപ്രസംഗം ബഹിഷ്‌കരിച്ച് വനിത എംപിമാര്‍

ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്ത്് രാജ്യസഭയിലെ കന്നി പ്രസംഗത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഗൊഗോയി പ്രസംഗിക്കാന്‍ ഏഴുന്നേറ്റതിന് പിന്നാലെ നാലു വനിത എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു.

ഡല്‍ഹി ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ ഗൊഗോയി നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. ഭരണഘടനയുടെ അടിസ്ഥാനഘടനാസിദ്ധാന്തം സംവാദാത്മകമാണെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതുകൊണ്ട് ഡല്‍ഹി ബില്‍ ചര്‍ച്ചചെയ്യുന്നത് പാര്‍ലമെന്റിനെ തടസ്സപ്പെടുത്തുന്നില്ലെന്നുമാണ് അദേഹം പറഞ്ഞത്.

ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം ബഹളംവെച്ചു. എന്നാല്‍, നാമനിര്‍ദേശം ചെയ്ത് സഭയില്‍ എത്തിയ അദേഹം പരാമര്‍ശം പിന്‍വലിക്കാന്‍ തയാറായില്ല.

കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ചാണ് അദേഹം തന്റെ വാദങ്ങള്‍ രാജയസഭയില്‍ നിരത്തിയത്. ചട്ടം 239/3 ബി ഉദ്ധരിച്ച ഗൊഗോയി ക്രമസമാധാനം, പോലീസ്, ഡല്‍ഹിയിലെ ഭൂമി എന്നിവയില്‍ സംസ്ഥാനവിഷയങ്ങള്‍ക്കപ്പുറം നിയമങ്ങള്‍ നിര്‍മിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് പറഞ്ഞു. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അതിരുകടക്കുന്നില്ല. ബില്‍ മൗലികാവകാശങ്ങളെയോ ഭരണഘടനയുടെ അടിസ്ഥാനഘടനയെയോ തടസ്സപ്പെടുത്തുന്നില്ലന്നും അദേഹം വ്യക്തമാക്കി. ഈ പരാമര്‍ശങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള അംഗങ്ങള്‍ കൈയടിച്ചാണ് പിന്തുണച്ചത്.

Read more

അതേസമയം, സുപ്രീംകോടതിയിലെ സഹപ്രവര്‍ത്തകയില്‍നിന്ന് ആരോപണം നേരിട്ടിട്ടുള്ള ഗൊഗോയിയുടെ കന്നിപ്രസംഗം ബഹിഷ്‌കരിക്കുകയാണെന്ന് നാലു വനിതാ അംഗങ്ങള്‍ വ്യക്തമാക്കി. എസ്പി അംഗമായ ജയാ ബച്ചന്‍, ശിവസേന-ഉദ്ധവ് വിഭാഗം അംഗമായ പ്രിയങ്കാ ചതുര്‍വേദി, എന്‍സിപി അംഗമായ വന്ദനാ ചവാന്‍, തൃണമൂല്‍ കോണ്‍ഗ്രസ് സുഷ്മിതാ ദേവ് എന്നിവരാണ് സഭ ബഹിഷ്‌കരിച്ചത്.