പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ തെലങ്കാന ബി.ജെ.പി എം.എല്‍.എ രാജാ സിംഗ് വീണ്ടും അറസ്റ്റില്‍. ഹൈദരാബാദിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. ഇതേ കേസില്‍ രാജാ സിംഗ് 23ന് അറസ്റ്റിലായെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 41 പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജാ സിംഗിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
തിങ്കളാഴ്ച്ച പുറത്തുവിട്ട വീഡിയോയിലാണ് രാജ സിംഗ് പ്രവാചകനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപതിന് ഹൈദരാബാദില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി പരിപാടി അവതരിപ്പിച്ചിരുന്നു. മുനവ്വര്‍ ഫാറൂഖിക്കെതിരെ വീഡിയോയില്‍ സിംഗ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ വീഡിയോയില്‍ ഇസ്ലാമിനെതിരെയും സിംഗ് പരാമര്‍ശിച്ചു.
Read more
രാജാ സിംഗിനെതിരെ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ഹൈദരാബാദില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത്, മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍, ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കുക തുടങ്ങിയ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.