ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ 13 മാസത്തിനിടെ ഒന്‍പത് സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍. ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന സ്ത്രീകളും വനത്തിലോ പാടത്തോ ഒറ്റയ്ക്ക് പണിയെടുത്തിരുന്ന സ്ത്രീകളെയും പ്രദേശത്ത് നിന്ന് കാണാതാകുന്നത് പതിവായിരുന്നു. കാണാതാകുന്ന സ്ത്രീകളുടെ മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് നിന്ന് കണ്ടെത്തുന്നതും തുടര്‍ക്കഥയായിരുന്നു.
മൃതദേഹങ്ങള്‍ പലപ്പോഴും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. കൊല്ലപ്പെട്ടവരെല്ലാം 42നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. കൊലപാതകം തുടര്‍ക്കഥയായതോടെ ഉത്തര്‍പ്രദേശ് പൊലീസ് പ്രതിസന്ധിയിലായി. ഇതേ തുടര്‍ന്നാണ് യുപി പൊലീസ് കൊലപാതകിയെ കണ്ടെത്താന്‍ ഓപ്പറേഷന് തലാശ് ആരംഭിച്ചത്.
പിന്നാലെ പ്രതി പിടിയിലാകുകയായിരുന്നു. കുല്‍ദീപ് കുമാര്‍ ഗാംഗ്വാര്‍ എന്ന 38കാരനാണ് കേസില്‍ പിടിയിലായത്. 2023 ജൂണിനും 2024 ജൂലൈയ്ക്കും ഇടയിലാണ് കൊലപാതകങ്ങള്‍ നടന്നത്. ആറ് കൊലപാതകങ്ങള്‍ ചെയ്തതായി പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മൂന്ന് കൊലപാതകങ്ങള്‍ കൂടി പ്രതി നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
പ്രതിയുടെ മാനസികാരോഗ്യനില പരിശോധിക്കണമെന്നും പൊലീസ് പറയുന്നു. കുല്‍ദീപ് കുമാറിന്റെ ബാല്യകാല അനുഭവങ്ങളാണ് ഇയാളെ ക്രൂരകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയുടെ കുട്ടിക്കാലത്ത് ഇയാളുടെ അമ്മയെ ഉപേക്ഷിച്ച് പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.
Read more
തുടര്‍ന്ന് രണ്ടാനമ്മയില്‍ നിന്നുണ്ടായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് പ്രതിയ്ക്ക് സ്ത്രീകളോട് വെറുപ്പ് സൃഷ്ടിച്ചത്. ഇതോടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാണപ്പെടുന്ന സ്ത്രീകളെ ഇയാള്‍ ലൈംഗിക ആവശ്യങ്ങള്‍ക്കായി സമീപിക്കും. എതിര്‍ക്കുന്നവരെ പ്രതി കൊലപ്പെടുത്തും. പിടിക്കപ്പെടുമ്പോള്‍ ഇയാളില്‍ നിന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.