രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടിവച്ചു. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നത് വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് ഡി.ജി.സി.എ അറിയിച്ചു. ഇന്ന് വരെയായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 23 മുതല്‍ രാജ്യത്ത് ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഈ നിയന്ത്രണങ്ങള്‍ പല വട്ടം പുതുക്കുകയായിരുന്നു. എന്നാല്‍ 2020 ജൂലൈ മുതല്‍ ഇന്ത്യയ്ക്കും ഏകദേശം 45 രാജ്യങ്ങള്‍ക്കുമിടയിലുള്ള എയര്‍ ബബിള്‍ ക്രമീകരണങ്ങള്‍ക്ക് കീഴില്‍ പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം നിലവിലെ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും ഡി.ജി.സി.എ പ്രത്യേകമായി അംഗീകരിച്ച ഫ്‌ലൈറ്റുകള്‍ക്കും ബാധകമല്ല. എയര്‍ ബബിള്‍ ക്രമീകരണത്തിന് കീഴിലുള്ള വിമാനങ്ങളെ ബാധിക്കില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി.
Read more
2021 ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് 2021 നവംബര്‍ 26 ന് ഡി.ജി.സി.എ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും ഡി.ജി.സി.എയോടും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു.