കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആയതുകൊണ്ടാണ് അവരുമായി ചര്‍ച്ച നടത്തിയത്: ജമാ അത്ത് ഇസ്‌ളാമി

കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘടനയാണ് ആര്‍ എസ് എസ് എന്നത് കൊണ്ടാണ് അവരുമായി രാജ്യത്തെ പ്രമുഖ മുസ്‌ളീം സംഘടനകള്‍ ചര്‍ച്ചക്ക് തെയ്യാറായതെന്ന് ജമാ അത്ത് ഇസ്‌ളാമി ഹിന്ദ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി ആരിഫലി. ഒരു പ്രമുഖ ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 14 നാണ് ഡല്‍ഹിയിയില്‍ വച്ച് രാജ്യത്തെ പ്രമുഖ മുസളീം നേതാക്കള്‍ ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതുമായി ചര്‍ച്ച നടത്തിയത്.

ആര്‍ എസ് എസ് കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘടനയാണ് എന്നത് സത്യമാണ്. അത് ഉള്‍ക്കൊണ്ടകൊണ്ടാണ് ഞങ്ങള് ചര്‍ച്ച നടത്തിയത്. മുന്‍ തിരഞ്ഞെടുപ്പ് കണ്‍വീനര്‍ എസ് വൈ ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജംഗ്, ഷാഹിദ് സിദ്ധിഖീ, സയീദ് ഷെര്‍വാണി തുടങ്ങിയവര്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ തന്നെ ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയിരുന്നു.ഈ ചര്‍ച്ചയിലുണ്ടായ തിരുമാനങ്ങള്‍ അവര്‍ രാജ്യത്തങ്ങമുള്ള മുസ്‌ളീം സംഘടനാ നേതൃത്വങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

ജമാ അത്ത് ഇസ്‌ളാമി ഹിന്ദ്, ജംയുത്തല്‍ ഉലമാ ഹിന്ദിലെ രണ്ടു വിഭാഗങ്ങള്‍ രാജ്യത്തുള്ള പ്രമുഖരായ മുസ്‌ളീം വ്യക്തിത്വങ്ങള്‍ എന്നിവരൊക്കെയാണ് ആര്‍ എസ് എസ് നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ആള്‍ക്കൂട്ടക്കൊലപാതകങ്ങളും, വിയോജിക്കുന്നവരുടെ വീടുകള്‍ക്ക് നേരെ ബുള്‍ഡോസര്‍ ചലിക്കുന്നതും ജനാധിപത്യ വിരുദ്ധതയും ഫാസിസവുമാണെന്ന് തങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചുവെന്ന് ആരിഫ് അലി സൂചിപ്പിച്ചു.

കാശി , മഥുര ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണെന്ന് മോഹന്‍ഭഗവത് തങ്ങളോട് പറഞ്ഞതെന്നും ആരിഫ് അലി വ്യക്തമാക്കി. ജമാ അത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കേന്ദ്ര സമിതി എടുത്ത തിരുമാനത്തിന്റെ ഭാഗമായാണ് ആര്‍ എസ് എസ് നേതാവിനെ കണ്ടു ചര്‍ച്ചകള്‍ നടത്തിയതെന്നും വളരെ ആശാവഹമായിരുന്നു ഈ ചര്‍ച്ചകളെന്നും ആരിഫ് അലി പറഞ്ഞു