ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന യുഎസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. എല്ലാവര്‍ക്കും ഇന്ത്യക്കുറിച്ച് കാഴ്ചപ്പാടുകളുണ്ടാവാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും അതിനെ നയിക്കുന്ന ലോബികളെക്കുറിച്ചും വോട്ടുബാങ്കുകളെക്കുറിച്ചും കാഴ്ചപ്പാടുകള്‍ ഉണ്ടാകാന്‍ ഞങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യ യുഎസ് 2+2 മന്ത്രിതല യോഗത്തില്‍ മനുഷ്യാവകാശ പ്രശ്നം ചര്‍ച്ച വിഷയമായില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമികമായി രാഷ്ട്രീയ-സൈനിക കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ചര്‍ച്ച ഉണ്ടായാല്‍ നിലപാട് വ്യക്തമാക്കുമെന്നും അതിന് മടിയില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആളുകളുടെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യക്കും വീക്ഷണങ്ങളുണ്ട്. ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ കൃത്യമായി അതില്‍ ഇടപെടും.
സര്‍ക്കാര്‍, പൊലീസ്, ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നടക്കുന്ന സമീപകാല സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞിരുന്നു.
Read more
ഉക്രൈന്‍ റഷ്യ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് യുഎസിന് ബോധ്യപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ നയതന്ത്രമാര്‍ഗങ്ങളും തേടുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ബുച്ചയിലെ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.