ശബരിമല ബില്‍ പാസാക്കാന്‍ ബി.ജെ.പിക്ക് താത്പര്യമില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍; മുത്തലാഖും ശബരിമലയുമടക്കം നാലു പ്രധാന ബില്ലുകള്‍ ഇന്ന് ലോക്‌സഭയില്‍

ശബരിമല ബില്‍ പാസാക്കാന്‍ ബി.ജെ.പിക്ക് താത്പര്യമില്ലെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ എം.പി. സാങ്കേതികമായി തടസ്സങ്ങളൊന്നുമില്ല, അങ്ങനെയെങ്കില്‍ രാഷ്ട്രീയ തടസ്സമാകാം അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് തടസ്സമെന്ന് ബി.ജെ.പി തുറന്നു പറയണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ബില്‍ പാസാക്കാന്‍ കേന്ദ്രത്തിന് അവസരമുണ്ടായിട്ടും കേന്ദ്രം നിയമം കൊണ്ടു വന്നില്ലെന്നും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.

ശബരി ബില്ലിന് ലോക്‌സഭയില്‍ അവതരാണാനുമതി ലഭിച്ചത് പരിശ്രമത്തിന്റെ പ്രാഥമിക വിജയമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍ക്കാരും പൊതുജനങ്ങളും ഈ വിഷയത്തിന്റെ നിയമ, സാങ്കേതിക സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് അതുതന്നെ ഏറ്റവും ഗുണപരമായ ഇംപാക്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍ എന്ന പേരിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17-ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍. കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുന്നത്.

ഇത് കൂടാതെ തൊഴിലുറപ്പ്, ഇ.എസ്‌.ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ക്കും ഇന്ന് അവതരണാനുമതിയുണ്ട്. കുറഞ്ഞ തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 200 ആയി കൂട്ടുക, ദിവസ വേതനം കുറഞ്ഞത് 800 രൂപയാക്കുക തുടങ്ങിയവയാണ് ബില്ലില്‍ കൊണ്ടു.വരാന്‍ ഉദ്ദേശിക്കുന്ന തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഭേദഗതികള്‍.

കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ അവശത അനുഭവിക്കുന്ന തൊഴിലാളികള്‍, അസംഘടിത മേഖല തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇ.എസ്‌.ഐ ആനുകൂല്യം നല്‍കണമെന്നതാണ് ഇ.എസ്‌.ഐയുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍. സര്‍ഫാസി നിയമക്കുരുക്കില്‍ നിന്ന് അര്‍ബുദ, വൃക്ക രോഗികളെ ഒഴിവാക്കുക, താമസിക്കുന്ന വീടും സ്ഥലവും നിയമപരിധിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ഫാസി നിയമ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലും ഇന്ന് ലോക്‌സഭയില്‍ കൊണ്ടു വരും. കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്ല് പാസാക്കാനായില്ല.