'ഹോട്ടലിൽ ഇരുന്നല്ല നിയമസഭയിൽ എത്തിയാണ് ശക്തി തെളിയിക്കേണ്ടത്'; ശരത് പവാർ

അസമിലെ ഹോട്ടലിൽ ഇരുന്നല്ല മഹാരാഷ്ട്ര നിയമസഭയിൽ എത്തിയാണ് ശക്തി തെളിയിക്കേണ്ടതെന്ന് വിമതരെ പരിഹസിച്ച് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. കൃത്യമായ ചട്ടം പാലിച്ച് വിശ്വാസ വോട്ടിന് വേദിയൊരുങ്ങിയാൽ ഉദ്ധവ് സർക്കാർ നേരിടുന്ന പ്രതിസന്ധി മറികടക്കാം.

ശിവസേന വിമതർ മുംബൈയിൽ എത്തിയാൽ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ച ശേഷം ഇന്ന് ആദ്യമായാണ് പവാർ പ്രതികരിച്ചത്. ഉദ്ധവിന് പൂർണ പിന്തുണയും ഉറപ്പുനൽകിയ അദ്ദേഹം അസമിലെ ഹോട്ടലിലിരുന്നല്ല മഹാരാഷ്ട്ര നിയമസഭയിൽ എത്തിയാണ് ശക്തി തെളിയിക്കേണ്ടതെന്ന് വിമതരെ പരിഹസിക്കുകയും ചെയ്തു.

ഇത്തരം പ്രതിസന്ധികൾ ഏറെ കണ്ടതാണെന്നും നിലവിലെ പ്രതിസന്ധി ഉദ്ധവ് മറികടക്കുമെന്നതിൽ തനിക്ക് സംശയമില്ലെന്നും പവാർ പറഞ്ഞു.
എം.എൽ.എമാർ തിരിച്ചെത്തിയാൽ തങ്ങളെ എങ്ങനെയാണ് കൊണ്ടുപോയതെന്ന യാഥാർത്ഥ്യം അവർ വിവരിക്കും. അവർ ഇവിടെ വന്ന് ശിവസേനയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കുമ്പോൾ മഹാ വികാസ് അഘാഡിയുടെ ഭൂരിപക്ഷം തെളിയുമെന്നും പവാർ പറഞ്ഞു.

അതേസമയം, ശിവസേന ജില്ലാ അധ്യക്ഷന്‍മാരുടെ അടിയന്തരയോഗം ഉദ്ധവ് താക്കറെ ഇന്ന് വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് എം.എല്‍.എമാരില്‍ സമ്മര്‍ദ്ദം ചെലുത്താനും ഉദ്ധവ് പക്ഷം ശ്രമിക്കുന്നുണ്ട്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ ക്യാമ്പ് ചെയ്യുന്ന എംഎല്‍എമാര്‍ മാഹാരാഷ്ട്ര നിയമസഭയിലേക്ക് മടങ്ങി എത്തണമെന്ന് പവാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.