എയിംസ്, തിരുവനന്തപുരം തഴയപ്പെട്ടതിന് കാരണക്കാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും; കാരണങ്ങള്‍ അക്കമിട്ട് തിരുത്തി ശശി തരൂര്‍

തിരുവനന്തപുരത്തിന് എയിംസ് കൈമോശം വന്നതില്‍ തന്നെ പഴിച്ചിട്ട് കാര്യമില്ലെന്ന് ശശി തരൂര്‍. തിരുവനന്തപുരത്തെ ചില പ്രാദേശിക നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്നത് അറിഞ്ഞുവെന്നും എന്നാല്‍ അവര്‍ അവരുടെ നേതൃത്വത്തോട് പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പ്

തിരുവനന്തപുരത്തെ ചില പ്രാദേശിക ബി ജെ പി നേതാക്കള്‍ കേരളത്തിന് അനുവദിക്കുന്ന AIIMS (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സ്ഥാപിക്കാനായി തിരുവനന്തപുരത്തെ പരിഗണിക്കാത്തതില്‍ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചില പ്രസ്താവനകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ഈ ബി ജെ പി നേതാക്കള്‍ മനസ്സിലാക്കേണ്ട കാര്യം ഇക്കാര്യത്തില്‍ ഒരന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രത്തിലിരിക്കുന്ന അവരുടെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് എന്നാണ്. അത് കൊണ്ട് ഇതുവരെയും കേന്ദ്ര മന്ത്രിസഭ ഈ വിഷയത്തില്‍ ഒരു തീരുമാനവും എടുക്കാത്ത സ്ഥിതിക്ക് പ്രതിപക്ഷത്തുള്ള എം പി യെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ അവര്‍ ചെയ്യേണ്ടത് അവരുടെ ദില്ലിയിലെ പാര്‍ട്ടി നേതൃത്വത്തോട് പ്രതിഷേധിക്കുകയാണ്.
അതേ സമയം, രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നു കൊണ്ട്, കേന്ദ്ര സര്‍ക്കാരില്‍ തിരുവനന്തപുരത്ത് ഒരു AIIMS സ്ഥാപിക്കാന്‍ വേണ്ടി ഞാന്‍ ശ്രമച്ചിട്ടുണ്ട് . അതിന്റെ പ്രയോജനം തൊട്ടയല്‍പക്കത്തുള്ള കന്യാകുമാരിക്കും ലഭിക്കും എന്നതിനാല്‍ എന്റെ ശ്രമങ്ങള്‍ക്ക് ബി ജെ പി യുടെ കന്യാകുമാരി എം പി യുടെ സഹായവും ഞാന്‍ തേടിയിരുന്നു.
പ്രസ്തുത AIIMS പദ്ധതിയുടെ വിഷയത്തിലെ കാലഗണന ഇപ്രകാരമാണ്:
1. 2014 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ പദ്ധതി (PMSSY) പ്രകാരം പതിനഞ്ച് AIIMS പ്രഖ്യാപിച്ചു,
2. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ എം പി എന്ന നിലയില്‍, ശാസ്ത്ര-സാങ്കേതിക-മെഡിക്കല്‍-റിസര്‍ച്ച് രംഗത്തെ വളരെ നല്ലൊരു ഇക്കോസിസ്റ്റം നിലവിലുള്ള തിരുവനന്തപുരത്ത്
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച AIIMS കളില്‍ ഒന്ന് സ്ഥാപിക്കണമെന്ന് അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനെ സമീപിച്ച് ഞാന്‍ അഭ്യര്‍ത്ഥിച്ചു.
3. അദ്ദേഹം എന്നോട് പറഞ്ഞത് 2014 ജൂണ്‍ 19ന് അദ്ദേഹം ഇപ്പോള്‍ AIIMS ഇല്ലാത്ത എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ഈ പദ്ധതിയുടെ ആവശ്യത്തിലേക്ക് 200 ഏക്കര്‍ ഭൂമി കണ്ട് പിടിച്ച് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ടെന്നായിരുന്നു.
4. അതെ തുടര്‍ന്ന്, ജൂലൈ മാസം തന്നെ അന്നത്തെ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ യു ഡി എഫ് സര്‍ക്കാര്‍ 4 സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തിന് നിര്‍ദ്ദേശിച്ചു. ആ 4 സ്ഥലങ്ങളില്‍ എന്റെ നിര്‍ദ്ദേശമായ തിരുവനന്തപുരം പാറശാലയിലെ നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയില്‍ കോമ്പൗണ്ട് കൂടാതെ കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ ഭൂമിയും, കോട്ടയത്തെ മെഡിക്കല്‍ കോളേജിന്റെ ഭൂമിയും, കളമശ്ശേരിയിലെ HMTയുടെ ഭൂമിയും ഉള്‍പ്പെട്ടിരുന്നു.
5. അതുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രി എന്നെയും അന്നത്തെ സര്‍ക്കാരിനെയും അറിയിച്ചത് മന്ത്രാലയത്തിലെ വിദഗ്ധര്‍ ഈ നിര്‍ദ്ദേശിച്ച സ്ഥലങ്ങള്‍
സന്ദര്‍ശിക്കുകയും അതിന് ശേഷം ഒരു ഫൈനല്‍ സെലക്ഷന്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ്.
6. പക്ഷെ, പാര്‌ലിമെന്റിനകത്തും പുറത്തുമുള്ള എന്റെ നിരവധി തവണയുള്ള ഇടപെടലുകള്‍ക്ക് ശേഷവും (2018ല്‍ ഞാന്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യം ഇതോട് കൂടി ചേര്‍ക്കുന്നു) വിദഗ്ധ സമിതി കേരളം സന്ദര്‍ശിച്ചില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.
7. അതേ സമയം കേരളത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചു കൊണ്ട്, കേന്ദ്ര സര്‍ക്കാര്‍ 4 മുതല്‍ 7 വരെയുള്ള ഘട്ടങ്ങളിലായി ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ (2015), ഉത്തര്‍ പ്രദേശ്, പഞ്ചാബ്, (2016) അസം (2017), ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, തെലുങ്കാന, ജാര്‍ഖണ്ഡ് (2018), ഹരിയാന, ഗുജറാത്ത്, കശ്മീര്‍, ജമ്മു (2019), ബീഹാര്‍ (2020) എന്നിവിടങ്ങളിലേക്ക് 15 AIIMS അനുവദിച്ചു കൊണ്ട് ഉത്തരവായി.
8. ജൂണ്‍ 2018ല്‍ അന്നത്തെ കേരള ആരോഗ്യമന്ത്രി ശ്രീമതി. കെ കെ ശൈലജ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ. ജെ പി നദ്ദയെ ദില്ലിയില്‍ സന്ദര്‍ശിക്കുകയും സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ കോഴിക്കോട് നിലനിര്‍ത്തി മറ്റു മൂന്ന് നിര്‍ദ്ദേശങ്ങളും – തിരുവനന്തപുരത്തെ പാറശാല നെട്ടുകല്‍ത്തേരി അടക്കം – പിന്‍വലിക്കുന്നതായി അറിയിച്ചു. അതിന് കേരള സര്‍ക്കാര്‍ പറഞ്ഞ കാരണം കോഴിക്കോട് ഭൂമി ഇപ്പോള്‍ തന്നെ ലഭ്യമാണ് എന്നായിരുന്നു. പക്ഷെ, ഭൂമി ഏറ്റെടുക്കലൊന്നും ഇല്ലാതെ തന്നെ നെട്ടുകല്‍ത്തേരിയിലെ ഭൂമിയും ആ സമയത്ത് തന്നെ ലഭ്യമായിരുന്നു എന്നതായിരുന്നു സത്യം.
9. ഞാന്‍ ഈ വിഷയം ശ്രീ. നദ്ദയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കേരള സര്‍ക്കാര്‍ അവരുടെ മുന്‍ഗണന വ്യക്തമാക്കിയ സ്ഥിതിക്ക് അദ്ദേഹത്തിന് സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദ്ദേശം അവഗണിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നോട് മറുപടി പറയുകയാണുണ്ടായത്. പക്ഷെ, മുന്‍പ് നിര്‍ദ്ദേശിച്ച പ്രകാരം വിദഗ്ദ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി അത് പ്രകാരം മുന്നോട്ട് പോകുന്നതാണ് സംസ്ഥാനത്തിനും സ്ഥാപനത്തിനും നല്ലതെന്ന് ഞാന്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
അത് കൊണ്ട് തിരുവനന്തപുരത്തോട് അനീതി കാണിച്ചതാര് എന്ന ചോദ്യത്തിന്റെ മറുപടി തികച്ചും ലളിതമാണ്:
2014 -ല്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളുടെ യോഗ്യത
ഒരു വിദഗ്ദ്ധ സമിതിയെക്കൊണ്ട് തിട്ടപ്പെടുത്താന്‍ ശ്രമിക്കാത്ത (അങ്ങിനെ ഒരു സമിതി വിലയിരുത്തിയിരുന്നെങ്കില്‍ തലസ്ഥാന നഗരിക്ക് മുന്‍ഗണന ഉണ്ടാവുമെന്നതില്‍ സംശയമില്ല) ബി ജെ പി യുടെ കേന്ദ്ര സര്‍ക്കാരും;
2018 -ല്‍ തിരുവനന്തപുരം അടക്കമുള്ള മറ്റു സ്ഥലങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഏകപക്ഷീയമായി പിന്‍വലിച്ച് കോഴിക്കോടിന് മുന്‍ഗണന നല്‍കിക്കൊണ്ട് തലസ്ഥാന നഗരിക്ക് ഈ വിഷയത്തില്‍ തുല്യ പരിഗണന ഉണ്ടാകാനുള്ള നീതിപൂര്‍വമായ സാഹചര്യം നിഷേധിച്ച സി പി എം നയിക്കുന്ന കേരള സര്‍ക്കാരും തന്നെയാണ്.