മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: ഹിന്ദു മഹാസഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയുമായി മുസ്ലിം സ്ത്രീകള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നു ചുണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രിം കോടതി തള്ളിയത്.

അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്. പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹരജി നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹിന്ദു മഹാസഭ സുപ്രിം കോടതിയെ സമീപിച്ചത്.

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. മഹാരാഷ്ട്രാ സ്വദേശികളായ മുസ്ലിം ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എസ്. എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഈ ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിക്കുന്നതെന്നും അന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.