ഷിരൂരിൽ തിരച്ചിൽ: ​ഗം​ഗാവലി കലങ്ങിയൊഴുകുന്നത് പ്രതിസന്ധി; രണ്ട് ബോട്ടുകളിൽ നാവികസേന തിരച്ചിലിനിറങ്ങി, അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള മൂന്നുപേർക്കായുള്ള ഗംഗാവലി പുഴയിലെ തിരച്ചിൽ പുരോഗമിക്കുന്നു. 2 ബോട്ടുകളിൽ നാവികസേന തിരച്ചിലിനിറങ്ങി. അതേസമയം ​ഗംഗാവലി കലങ്ങിയൊഴുകുന്നത് തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം.

നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സംഘം നേരത്തെ പുഴയിലിറങ്ങിയെങ്കിലും തിരിച്ചു കയറുകയായിരുന്നു. പുഴയിൽ കലക്കം കൂടുതലാണെന്ന് നാവികസേന വിശദീകരിച്ചു. എന്നാൽ പിന്നീട് വീണ്ടും നാവികസേന പുഴയിൽ ഇറങ്ങിയിട്ടുണ്ട്. ഈശ്വർമാൽപ്പയും തിരച്ചിലിനിറങ്ങിയിട്ടുണ്ട്. നിലവിൽ തിങ്കളാഴ്ച ഡ്രെഡ്ജർ എത്തുന്ന വരെ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരാനാണ് തീരുമാനം.

അതേസമയം പുഴയിലെ കലക്കവെള്ളം വെല്ലുവിളിയാണെന്ന് ഈശ്വർ മാൽപെ പറഞ്ഞു. എന്നാൽ കലക്കവെള്ളത്തിലും തിരച്ചിൽ നടത്തി പരിചയമുള്ളവരാണ് ഒപ്പം ഉള്ളത്. അതുകൊണ്ടുതന്നെ വെള്ളത്തിനടിയിൽ ഇറങ്ങി പരിശോധനകൾ തുടരുമെന്നും ഈശ്വർ മാൽപേ പറഞ്ഞു. അർജുന്റെ ലോറിയുടെ കയർ കണ്ടെത്തിയ മരക്കുറ്റി നീക്കം ചെയ്യുകയാണ് ആദ്യശ്രമം. വൈകുന്നേരം വരെ തെരച്ചിൽ തുടരുമെന്നും പുഴയുടെ അടിയിൽ കിടക്കുന്ന മരക്കുറ്റിയിൽ കൊളുത്തി വലിച്ച് പുറത്തെത്തിക്കാനാണ് ശ്രമമെന്നും ഈശ്വർ മൽപെ പറഞ്ഞു.