അതി കഠിനമായ വയറുവേദന; 21കാരിയുടെ വയറിൽ നിന്ന് നീക്കിയത് 2 കിലോ മുടി

ഡൽഹിയിലെ സുഭാഷ്നഗറിൽ കാർഗൈന സ്വദേശിയായ 21കാരിക്ക് ഏകദേശം അഞ്ച് വർഷമായി ശക്തമായ വയറുവേദന നേരിട്ടിരുന്നു. നിരവധി സ്വകാര്യ ആശുപത്രികളിൽ നിന്ന് ചികിത്സ തേടിയെങ്കിലും കൃത്യമായ ഒരു പരിഹാരം കണ്ടെത്താനായിരുന്നില്ല. ഇതോടെ യുവതിയുടെ വീട്ടുകാർ അവശനിലയിലായ യുവതിയെ ബറേലിയിലെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ വയറിൽ മുടിയിഴകൾ കണ്ടെത്തുകയായിരുന്നു. ഇതോടെ യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. ചെറിയ തോതിൽ മുടി പ്രതീക്ഷിച്ച് നടത്തിയ ശസ്ത്രക്രിയയിലാണ് രണ്ട് കിലോ മുടിനാര് ഒരു പന്തിന്റെ രൂപത്തിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ചയാണ് യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. ഒപ്പറേഷന് പിന്നാലെ യുവതിക്കും ബന്ധുക്കൾക്കും കൗൺസിലിംഗ് അടക്കമുള്ള തുടർ ചികിത്സ ലഭ്യമാക്കിയ ശേഷമാണ് 21കാരി ആശുപത്രി വിടുന്നത്. വീട്ടുകാരോട് സംസാരിച്ചതിൽ എങ്ങനെയാണ് ഇത്രയും മുടി വയറിലെത്തിയതെന്നതിനേക്കുറിച്ച് ധാരണ ലഭിച്ചിരുന്നില്ല. പിന്നീട് കൌൺസിലിംഗിനിടെയാണ് 16 വർഷമായി യുവതി മുടി തിന്നുന്നതായി വ്യക്തമായത്.

മുടി തിന്നുന്ന രോഗം യുവതിക്കുണ്ടായിരുന്നു. ഈ മുടിയെല്ലാം യുവതിയുടെ വയറിൽ അടിഞ്ഞ് പന്ത് പോലെ ആവുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയിലായിരുന്നു യുവതിയുണ്ടായിരുന്നത്. സാമൂഹ്യമപരമായി ഉൾവലിയുന്ന സ്വഭാവമുള്ളവരിലാണ് ഇത്തരം ചെയ്തികൾ കണ്ടുവരുന്നതെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. അതേസമയം ഈ ശീലം അവസാനിപ്പിക്കുന്നതിനായി യുവതിക്ക് കൗൺസിലിംഗ് സഹായം നൽകുമെന്ന് ഡോക്ടർമാർ വിശദമാക്കി.