ലഹരിമരുന്ന് കേസിൽ ഈ മാസം ആദ്യം അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം ലഭിച്ച വാർത്ത പിതാവ് ഷാരൂഖ് ഖാൻ സ്വാഗതം ചെയ്തത് ആനന്ദാശ്രുക്കളോടെയായിരുന്നു എന്ന് മുകുൾ റോത്തഗി. ഇന്ത്യയുടെ മുൻ അറ്റോർണി ജനറലായിരുന്ന മുകുൾ റോത്തഗിയാണ് ബോംബെ ഹൈക്കോടതിയിൽ ആര്യനെ പ്രതിനിധീകരിച്ച അഭിഭാഷകൻ.
കഴിഞ്ഞ മൂന്ന്-നാല് ദിവസമായി ഷാരൂഖിനോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം വളരെ വിഷമത്തിലായിരുന്നു, അയാൾ ശരിയായി ഭക്ഷണം കഴിച്ചിരുന്നോ എന്ന് പോലും ഉറപ്പില്ല. അദ്ദേഹം ഇടവിട്ട് കാപ്പി കുടിച്ചു കൊണ്ടേയിരുന്നു. അദ്ദേഹം വളരെ ആശങ്കാകുലനായിരുന്നു. അവസാനമായി അദ്ദേഹത്തെ കണ്ടപ്പോൾ ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ മുഖത്ത് വലിയ ആശ്വാസം കാണാൻ കഴിഞ്ഞു എന്നും മുകുൾ റോത്തഗി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
മകൻ ജയിലിലായതിനെ തുടർന്ന് ഷാരൂഖ് ഖാൻ തന്റെ എല്ലാ പ്രൊഫഷണൽ പ്രവർത്തനങ്ങളും ഉപേക്ഷിച്ചിരുന്നു അദ്ദേഹം എല്ലായ്‌പ്പോഴും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ലഭ്യനായിരുന്നു. അദ്ദേഹം തന്റെ നിയമ സംഘത്തെ സഹായിക്കുന്നതിന് കുറിപ്പുകൾ തയ്യാറാക്കി നൽകിയിരുന്നതായും റോത്തഗി എൻഡിടിവിയോട് പറഞ്ഞു.
നേരത്തെ രണ്ടുതവണ ആര്യൻ ഖാന്റെ ജാമ്യം നിഷേധിക്കപ്പെടുകയും 23-കാരൻ 24 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
ഷാരൂഖും ഗൗരി ഖാനും കോടതിയിലെ വാദം കേൾക്കലിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒക്ടോബർ 21 ന് മുംബൈയിലെ ആർതർ റോഡ് ജയിലിൽ പോയി ഷാരൂഖ് ഖാൻ മകൻ ആര്യനെ കണ്ടിരുന്നു.
Read more
ആര്യൻ ഖാൻ, സുഹൃത്ത് അർബാസ് മർച്ചന്റ്, മോഡൽ മുൻമുൻ ധമേച്ച എന്നിവർക്ക് ബോംബെ ഹൈക്കോടതി ഇന്നലെ വൈകിട്ട് ജാമ്യം അനുവദിച്ചു. നാളെ ഹൈക്കോടതിയുടെ രേഖാമൂലമുള്ള ഉത്തരവിന് ശേഷം മാത്രമേ അവരുടെ മോചനം സാധ്യമാകൂ.