സസ്‍പെൻഷന് മിനിറ്റുകൾക്ക് മുൻപ് എക്‌സിൽ ശശി തരൂരിന്റെ പ്രവചനം! ; തരൂരടക്കം 49 എംപിമാരെ സ്‌പീക്കർ ഓം ബിർള ഇന്ന് സസ്‍പെൻഡ് ചെയ്തു

പാർലമെന്റിൽ നിന്ന് ഇന്ന് സസ്‌പെൻഡ് ചെയ്യപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ശശി തരൂർ എംപി പങ്കുവെച്ച എക്സ് പ്ലാറ്റഫോമിലെ പോസ്റ്റ് ചർച്ചയാകുന്നു. എംപിമാർക്ക് എതിരെയുള്ള സസ്‌പെൻഷൻ നടപടികൾ ഇന്നും തുടരുമെന്നും താൻ സസ്‌പെൻഡ് ചെയ്യപ്പെടുമെന്നുമാണ് 49 പ്രതിപക്ഷ എംപിമാർക്കൊപ്പം സസ്‌പെൻഡ് ചെയ്യപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ശശി തരൂർ എക്‌സിൽ കുറിച്ചത്.

’15 വർഷത്തെ എന്റെ പാർലമെന്ററി ജീവിതത്തിൽ ആദ്യമായി പ്രതിഷേധത്തിന്റെ പ്ലക്കാർഡുമായി ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ഞാൻ ഇറങ്ങുകയാണ്. പാർലമെന്റിൽ ഉണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണിത്. സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചതിന് അന്യായമായി സസ്‌പെൻഡ് ചെയ്യപ്പെട്ട എന്റെ സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഞാനും ഇറങ്ങുന്നത്. ഇതിനു പിന്നാലെ വരുന്നത് സസ്പെൻഷൻ ആണെന്ന് എനിക്ക് ബോധ്യമുണ്ട്. എന്നാൽ നീതിയുക്തമല്ലാത്ത ഒരു കാര്യത്തിനെതിരെ പ്രതികരിച്ചതിനുള്ള അംഗീകാരമായാണ് ഞാൻ അതിനെ കാണുന്നത്’- എന്നായിരുന്നു ശശി തരൂർ എക്‌സിൽ പോസ്റ്റ് ചെയ്തത്.

തൊട്ടുപിന്നാലെ, ലോക്‌സഭാ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്ത 49 എംപിമാരിൽ അദ്ദേഹവും ഉൾപ്പെട്ടു. നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള, എൻസിപിയുടെ സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദ, ഡാനിഷ് തിവാരി, കേരളത്തിൽ നിന്ന് കെ സുധാകരൻ, അടൂർ പ്രകാശ് എന്നിവരും ഇന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഇതോടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. എന്നാൽ നടപടിയിൽ നിന്ന് സോണിയ ഗാന്ധിയെ സ്പീക്കര്‍ ഒഴിവാക്കി. സഭയ്ക്ക് പുറത്ത് എൻഡിടിവിയോട് സംസാരിച്ച തരൂർ, സസ്പെൻഷനെ ഏകപക്ഷീയവും അന്യായവും പാർലമെന്ററി ജനാധിപത്യത്തിന് എതിരായതും എന്നാണ് വിശേഷിപ്പിച്ചത്.

ലോക്സഭയില്‍ ഇന്ന് രാവിലെ മുതൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായത്. പോസ്റ്റർ ഉയർത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിലും കനത്ത പ്രതിഷേധം ഇന്നുണ്ടായി. ഇതിന് പിന്നാലെയാണ് ലോക്സഭയിൽ എംപിമാരെ സ്പീക്കര്‍ ഓം ബിര്‍ള സസ്പെന്റ് ചെയ്തത്.

ഇന്നലെ വരെ ലോക്‌സഭയിലും രാജ്യസഭയിലുമായി സസ്പെന്‍റ് ചെയ്യപ്പെട്ട 92 എംപിമാരും പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സുരക്ഷ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ സഭയില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും സഭ അധ്യക്ഷന്മാർ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെമാണ് ബിജെപി വാദം.