'ഇന്ത്യന്‍ സൈന്യം നിഷ്പക്ഷമായ അന്വേഷണം നടത്തട്ടെ, അങ്ങനെയെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാം'; സൈന്യത്തിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി ഷെഹ്‌ല റാഷിദ്

സൈന്യത്തിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്‌ല റാഷിദ്.

കശ്മീരിലെ സ്ഥിതി സംബന്ധിച്ച് അവിടെയുള്ളവരുമായി വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സൈന്യം തയ്യാറാവുകയാണെങ്കില്‍ സൈന്യവുമായി ബന്ധപ്പെട്ട് താന്‍ സൂചിപ്പിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ നല്‍കാമെന്നുമാണ് ദ വയറിനോട് ഷെഹ്‌ല പറഞ്ഞത്.

“ഇന്ത്യന്‍ സൈന്യം നിഷ്പക്ഷമായ അന്വേഷണം നടത്തട്ടെ. അവര്‍ക്ക് വിശദാംശങ്ങള്‍ നല്‍കാന്‍ എനിക്കു സന്തോഷമേയുള്ളൂ. ഞാനെഴുതിയത് വളരെ നിഷ്പക്ഷമായാണ്. ഭരണകൂടത്തിന്റെ പോസിറ്റീവായ പ്രവര്‍ത്തനങ്ങളും ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് പത്ത് കാര്യങ്ങള്‍ എഴുതിയത്.” അവര്‍ വ്യക്തമാക്കി.

“ഫോണ്‍, പത്രം, ഇന്റര്‍നെറ്റ് സേവനങ്ങളുടെ അഭാവത്തില്‍ കശ്മീരില്‍ വലിയ മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത്. അത് ലോകത്തിന് കാണാന്‍ കഴിയില്ല. 4000 മുതല്‍ 6000 വരെ ആളുകള്‍ അറസ്റ്റിലായതായി എ.എഫ്.പി റിപ്പോര്‍ട്ടുണ്ട്. ജനങ്ങളെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് മര്‍ദ്ദിച്ചു കൊണ്ട് അറസ്റ്റു ചെയ്യുകയാണ്. ലോകത്തില്‍ നിന്നും സര്‍ക്കാറിന് മറ്റൊന്നും ഒളിപ്പിച്ചു വെയ്ക്കാനില്ലെങ്കില്‍ എന്തിനാണ് ആശയവിനിമയത്തിന് നിരോധനം?” എന്നും അവര്‍ ചോദിക്കുന്നു.

കശ്മീരില്‍ എല്ലാം സൈന്യത്തിനു കീഴിലാണെന്നായിരുന്നു ട്വിറ്ററിലൂടെ ഷെഹ്‌ല ഉയര്‍ത്തിയ ആരോപണം. “ക്രമസമാധാന പാലനത്തില്‍ ജമ്മുകശ്മീര്‍ പൊലീസിന് യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അവരെ അധികാരമില്ലാത്തവരായി മാറ്റിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കീഴിലാണ്. സി.ആര്‍.പി.എഫുകാരന്റെ പരാതിയില്‍ ഒരു എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയിരിക്കുന്നു. സര്‍വീസ് റിവോള്‍വര്‍ പോലും അവരുടെ പക്കലില്ല.” എന്നായിരുന്നു ഷെഹ്‌ലയുടെ ഒരു ട്വീറ്റ്.

“സായുധസേന രാത്രി വീടുകളില്‍ കയറി പുരുഷന്മാരെ കൊണ്ടുപോകുന്നു. വീട് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു” എന്നും ആരോപിച്ചിരുന്നു.

ഷോപ്പിയാന്‍ മേഖലയില്‍ നിന്നും നാലുപേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളെ ഭയപ്പെടുത്താന്‍ പിടിച്ചുകൊണ്ടുപോയവര്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാന്‍ മൈക്ക് സ്ഥാപിച്ചെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു.

ഷെഹ്‌ലയുടെ ആരോപണങ്ങള്‍ സൈന്യം തള്ളിയിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിതെന്നും സ്ഥിരീകരണമില്ലാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നുമാണ് സൈന്യം പറഞ്ഞത്.