കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്താന്‍ കാലങ്ങളായി ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ബിജെപിക്ക് കടുത്ത നിരാശയുണ്ടെന്ന് ഭൂമി അഴിമതി കേസിലെ പ്രോസിക്യൂഷന്‍ അനുമതി ശരിവെച്ച ഹൈകോടതി വിധിക്ക് പിന്നാലെ അദേഹം പറഞ്ഞു.
കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നല്‍കിയില്ല. ഇത്തരം സ്ഥലങ്ങളില്‍ ഓപ്പറേഷന്‍ കമലയിലൂടെ അധികാരത്തിലെത്താനാണ് ബിജെപി ശ്രമിക്കാറ്. എന്നാല്‍, 136 പേരുടെ പിന്തുണയുള്ളതിനാല്‍ ബിജെപിക്ക് അതിനും സാധിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
വ്യാജ ആരോപണമാണ് ബിജെപി തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ തടയുകയാണ് ഇതിലൂടെ ബിജെപിയും ജെഡിഎസും ലക്ഷ്യമിടുന്നത്.
വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരോക്കെയാണെന്ന് ജനങ്ങളോട് നോക്കാന്‍ താന്‍ ആവശ്യപ്പെടുകയാണ്. അന്വേഷണം നേരിടാന്‍ തനിക്കൊരു മടിയുമില്ല. നിയമം അനുസരിച്ച് അത്തരമൊരു അന്വേഷണത്തിന് സാധുതയുണ്ടോയെന്ന് പരിശോധിക്കണം. ഇക്കാര്യം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ വിചാരണചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് അദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജസ്റ്റിഡ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഗവര്‍ണറുടെ തീരുമാനം ശരിവെച്ചാണ് മുഖ്യമന്ത്രിയുടെ ഹര്‍ജി കോടതി തള്ളിയത്. പരാതി രജിസ്റ്റര്‍ ചെയ്ത് ഗവര്‍ണറോട് അനുമതി തേടുന്നത് ന്യായമാണ്. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം പരാതിക്കാര്‍ക്ക് അനുമതി തേടാമെന്നും ഗവര്‍ണര്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്നും നാഗപ്രസന്ന വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു.
Read more
നേരത്തെ, മലയാളിയായ അഴിമതിവിരുദ്ധപ്രവര്‍ത്തകന്‍ ടി.ജെ. അബ്രാഹം ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ പരാതികളിലായിരുന്നു സിദ്ധരാമയ്യക്കെതിരെയുള്ള നടപടി. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ സിദ്ധരാമയ്യയുടെ പേരില്‍ കോടതിക്കോ അന്വേഷണ ഏജന്‍സിക്കോ കേസെടുക്കാന്‍ സാധിക്കും.