ലോകസഭ തിരഞ്ഞെടുപ്പില്‍ ജനപിന്തുണയ്ക്ക് കുറവുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി പദത്തില്‍ വീണ്ടുമെത്താനുള്ള ധാര്‍മിക അവകാശമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ ഒറ്റക്കക്ഷിയായെങ്കിലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല.
മോദി തരംഗം രാജ്യത്തുണ്ടായില്ലെന്നാണ് ഇത് തെളിയിക്കുന്നത്. മോദിയുടെ ജനപിന്തുണയ്ക്ക് കുറവുവന്നതിന്റെ സൂചനയാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു.
പരാജയം വരുന്ന വിവരം മോദി തിരിച്ചറിഞ്ഞിരുന്നു. ഇതുകൊണ്ടാണ് പിന്നീട് അദ്ദേഹം ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടുചോദിച്ചതും മുസ്ലിങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇത്തവണ അധികമായി കിട്ടിയത് 13.32 ശതമാനം വോട്ടുവിഹിതമാണ്. 2019-ല്‍ 32.11 ശതമാനം വോട്ടാണ് ലഭിച്ചത്. അന്ന് ആകെ ഒരു സീറ്റുമാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്.- ബെംഗളൂരു റൂറല്‍.
ഇത്തവണ 45.43 ശതമാനം വോട്ട് കോണ്‍ഗ്രസിന് കിട്ടി. സീറ്റുകളുടെ എണ്ണം പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെങ്കിലും ഒന്‍പതിലേക്ക് ഉയര്‍ത്താനുമായി. 15 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടല്‍.
ബി.ജെ.പി. ക്ക് ഇത്തവണ 5.69 ശതമാനം വോട്ടിന്റെ കുറവുണ്ടായി. 46.06 ശതമാനം വോട്ടാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ ഇത് 51.75 ശതമാനമായിരുന്നു.
Read more
കഴിഞ്ഞ തവണ ഒറ്റക്കാണ് ബി.ജെ.പി. മത്സരത്തിനിറങ്ങിയത്. 25 സീറ്റ് നേടാനുമായി. പാര്‍ട്ടി പിന്തുണ നല്‍കിയ സ്വതന്ത്രസ്ഥാനാര്‍ഥിയും വിജയിച്ചു. ഇത്തവണ ആകെയുള്ള 28 സീറ്റിലും വിജയം ലക്ഷ്യമിട്ട് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും സീറ്റിന്റെ എണ്ണം 17-ലേക്ക് താണു. രണ്ട് സീറ്റ് ജെ.ഡി.എസിനും ലഭിച്ചു.