അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ മൗറീഷ്യസിലെയും ബെര്‍മൂഡയിലെയും നിക്ഷേപ ഫണ്ടുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പുമായി ബന്ധമുള്ളവര്‍ ഈ നിക്ഷേപ സ്ഥാപനങ്ങളോട് കൂട്ടുചേര്‍ന്ന് വന്‍തോതില്‍ നിക്ഷേപം നടത്തിയെന്നായിരുന്നു അടുത്തിടെ ഉയര്‍ന്ന ആരോപണം. ഇതിനു പിന്നാലെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ വരുന്നത്.
സെബിയില്‍ ഫയല്‍ ചെയ്ത വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എട്ട് സ്ഥാപനങ്ങളില്‍ ആറെണ്ണം അടച്ചുപൂട്ടിയതായി ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയ്തത്. അദാനി കുടുംബവുമായി ബന്ധമുള്ളവര്‍ ഈ നിക്ഷേപ സ്ഥാപനങ്ങളുടെ(വെല്‍ത്ത് ഫണ്ട്‌സ്) മറവില്‍ അദാനി ഓഹരികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം.
നിക്ഷേപ ഫണ്ടുകള്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനത്തിനു ശേഷം ഫണ്ടുകള്‍ അടച്ചുപൂട്ടിയത് അസാധാരണമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. പാപ്പരാകുമ്പോഴോ ഏറ്റെടുക്കലിന്റെ ഭാഗമായി പുതിയ ഉടമകള്‍ക്ക് ആസ്തികള്‍ കൈമാറുമ്പോഴോ നിക്ഷേപകര്‍ പൂട്ടാന്‍ തീരുമാനിക്കുമ്പോഴോ ആണ് ഇത്തരം നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്നത്.
Read more
നിക്ഷേപ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനം നിര്‍ത്തിയതോടെ കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകുന്നത് സെബിക്ക് വെല്ലുവിളിയാകും. സുപ്രീംകോടതിയില്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, വിദേശ ഫണ്ടുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സെബിക്ക് ബുദ്ധിമുട്ടാണെന്ന് വിഗദ്ധ സമിതി വ്യക്തമാക്കിയിരുന്നു. ഓഫ്‌ഷോര്‍ കമ്പനികളുടെ ഉടമകളെ അന്വേഷിച്ചിറങ്ങുന്നത് ലക്ഷ്യമില്ലാത്ത യാത്രക്ക് തുല്യമാണെന്നായിരുന്നു നിരീക്ഷണം.