രാജ്യത്തെ നടുക്കിയ ദുരഭിമാനകൊല: ആറ് പേര്‍ക്ക് വധശിക്ഷ

ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് തിരുപ്പൂരിലെ ഉദുമല്‍പേട്ട സ്വദേശി ശങ്കര്‍ (21) എന്ന ദളിത് യുവാവിനെ നടുറോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്ക് വധശിക്ഷ. തിരിപ്പൂര്‍ പ്രത്യേക സെഷന്‍ കോടതിയാണ് രാജ്യത്തെ നടുക്കിയ ദുരഭിമാനകൊലയിലെ പ്രതികള്‍ക്കെതിരേ ശിക്ഷ വിധിച്ചത്. കേസിലെ 11 പ്രതികളില്‍ ആറ് പേര്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും മൂന്ന് പേരെ വെറുതെ വിടുകയും ചെയ്താണ് കോടതി വിധി പ്രഖ്യാപിച്ചത്.

കൊല്ലപ്പെട്ട ശങ്കറിന്റെ ഭാര്യപിതാവ് ഭാര്യപിതാവ് ചിന്നസ്വാമി, വാടക കൊലയാളികളായ ജഗദീശന്‍, മണികണ്ഡന്‍, മൈക്കിള്‍, സെല്‍വകുമാര്‍, കലൈതമിഴ്‌വണ്ണന്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ശങ്കറിന്റെ ഭാര്യമാതാവിനെയും വെറുതെ വിട്ടു.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഉയര്‍ന്ന ജാതിക്കാരിയായ കൗസല്യയെ (19) വിവാഹം കഴിച്ചതിന്റെ പ്രതികാരമായാണ് ശങ്കറിനെ വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൗസല്യയ്‌ക്കൊപ്പം ഷോപ്പിംഗിനെത്തിയ ശങ്കറിനെ ബൈക്കിലെത്തിയ അക്രമികള്‍ ശങ്കറിനെ പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിക്കും ഗുരതരമായി പരിക്കേറ്റിരുന്നു.

Read more

പൊള്ളാച്ചിയിലെ എന്‍ജിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ശങ്കര്‍ കൗസല്യയുമായി വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കുകയായിരുന്നു. കൗസല്യയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഉദുമല്‍പേട്ട മെയിന്‍ റോഡില്‍ കൊല നടത്തിയ ശേഷം യുവാക്കള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്ന സിസിടി വി ദൃശ്യമാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചിരുന്നത്.