നിരത്തിവച്ച തലയോട്ടികള്‍, നമ്പര്‍ പ്ലേറ്റിന് പകരം പേര്; പൊലീസിനെ ഞെട്ടിച്ച വാഹനമെത്തിയത് ഋഷികേശില്‍ നിന്ന്

കാറിന്റെ ഡാഷ് ബോര്‍ഡില്‍ പലവിധ മിനിയേച്ചറുകളും അലങ്കാര വസ്തുക്കളും വയ്ക്കുന്നത് സാധാരണയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട് ചെന്നൈയില്‍ തിരുവണ്ണാമലൈ-തേരടി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡാഷ് ബോര്‍ഡ് കണ്ടവര്‍ ഞെട്ടി. പിന്നാലെ സംഭവം പ്രദേശമാകെ വാര്‍ത്തയായി. കണ്ടവരും കാണാത്തവരും കാറിന് ചുറ്റും കൂടി.

കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോര്‍ഡ് മാത്രമാണുണ്ടായിരുന്നത്. വാര്‍ത്ത പ്രദേശമാകെ വ്യാപിച്ചതോടെ ജനങ്ങള്‍ വാഹനത്തിന് ചുറ്റും തടിച്ചുകൂടി. വിവരം അറിഞ്ഞെത്തിയ പൊലീസും കാറ് കണ്ട് ആദ്യം ഒന്ന് അമ്പരന്നു. കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിരത്തിവച്ചിരിക്കുന്ന തലയോട്ടികളാണ് പൊലീസിനെയും ജനങ്ങളെയും ആശങ്കയിലാക്കിയത്.

പട്ടണത്തിലെത്തിയ ദുര്‍മന്ത്രവാദികളുടെ വാഹനമാണിതെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം ദേഹമാസകലം ഭസ്മം പൂശിയ ഒരു സന്യാസി കാറിന് സമീപത്തേക്കെത്തി. ഋഷികേശിലെ അഘോരി സന്യാസിയാണ് താനെന്നും വാഹനം തന്റേതാണെന്നും സന്യാസി പറഞ്ഞതോടെ ചുറ്റും കൂടിയവരില്‍ കൗതുകമുണര്‍ന്നു.

തിരുവണ്ണാമലയിലെ അരുണാചലം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതാണെന്നും ക്ഷേത്രത്തിന് മുന്നില്‍ സ്ഥലം ഇല്ലാതിരുന്നതിനാല്‍ വാഹനം റോഡരികില്‍ നിറുത്തിയിട്ടതാണെന്നും സന്യാസി പൊലീസിനെ അറിയിച്ചു. എന്നാല്‍ ഇത്രയും പൊല്ലാപ്പുണ്ടാക്കിയ വാഹന ഉടമയെ പൊലീസ് വെറുതെ വിട്ടില്ല.

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും ഗതാഗത തടസമുണ്ടാക്കിയതിനും 3000രൂപ പിഴയീടാക്കിയ ശേഷമാണ് സന്യാസിയെ പൊലീസ് വിട്ടയച്ചത്. കേസൊന്നും എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.