സോണിയ ഗാന്ധി, അഭിഷേക് മനു സിംഗ്വി, അജയ് മാക്കന്‍, രേണുക ചൗധരി, പ്രധാനികളെ മത്സരരംഗത്തിറക്കി കോണ്‍ഗ്രസ്; രാജ്യസഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്. രാജസ്ഥാനില്‍ നിന്ന് സോണിയ ഗാന്ധിയും എഐസിസി ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സെയ്ദ് നസീര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ എന്നിവര്‍ കര്‍ണാടകയില്‍നിന്ന് മത്സരിക്കും. മധ്യപ്രദേശില്‍നിന്ന് അശോക് സിങ്ങാണ് മത്സരിക്കുക. മുന്‍ കേന്ദ്ര മന്ത്രി രേണുക ചൗധരിയും എം. അനില്‍ കുമാര്‍ യാദവും തെലങ്കാനയില്‍നിന്നുള്ള സ്ഥാനാര്‍ഥികളാണ്.

56 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പത്ത് സീറ്റിലാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുക. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ഇന്നലെ രാവിലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. രാജസ്ഥാനില്‍നിന്നാണ് അവര്‍ മത്സരിക്കുന്നത്. ബിഹാറില്‍നിന്ന് ഡോ. അഖിലേഷ് പ്രസാദ് സിംഗ്, ഹിമാചല്‍ പ്രദേശില്‍നിന്ന് അഭിഷേക് മനു സിംഗ്വി, മഹാരാഷ്ട്രയില്‍നിന്ന് ചന്ദ്രകാന്ത് ഹാന്ദോര്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.