മോഷണം കഴിഞ്ഞ് കള്ളന്റെ വക ക്ഷമാപണവും. തമിഴ്‌നാട് മേഘനപുരത്താണ് സംഭവം നടന്നത്. മോഷ്ടിച്ചതിന് ക്ഷമാപണം നടത്തുന്ന കുറിപ്പില്‍ ഒരു മാസത്തിനുള്ളില്‍ മോഷ്ടിച്ചതെല്ലാം താന്‍ തിരികെയെത്തിക്കാമെന്ന വാഗ്ദാനവുമുണ്ട്. മേഘനാപുരത്തെ വിരമിച്ച അദ്ധ്യാപകന്‍ സെല്‍വിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ജൂണ്‍ 26ന് ആയിരുന്നു മോഷണ വിവരം അറിയുന്നത്. ജൂണില്‍ സെല്‍വിനും ഭാര്യയുടെ ചെന്നൈയിലുള്ള മകനെ കാണാന്‍ പോയിരുന്നു. വീട്ടില്‍ ആളില്ലാത്ത ദിവസങ്ങളില്‍ വീട് വൃത്തിയാക്കാന്‍ ഒരു ജോലിക്കാരിയെ ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 26ന് വീട് വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് വീട്ടില്‍ മോഷണം നടന്നത് മനസിലാക്കുന്നത്.
വാതിലുകള്‍ തുറന്ന് കിടക്കുന്നത് കണ്ട ജോലിക്കാരി ഉടന്‍തന്നെ വിവരം സെല്‍വിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. 60,000 രൂപയും 12 ഗ്രാം സ്വര്‍ണവും ഒരു ജോഡി വെള്ളി പാദസരവും വീട്ടില്‍ നഷ്ടപ്പെട്ടതായി വീട്ടുടമ പറയുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് കള്ളന്റെ ക്ഷമാപണം കണ്ടെത്തിയത്.
Read more
ക്ഷമിക്കണം ഒരു മാസത്തിനുള്ളില്‍ എടുത്തതെല്ലാം തിരികെ തരാം. തന്റെ വീട്ടില്‍ ഒരാള്‍ക്ക് തീരെ സുഖമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. ഇതായിരുന്നു കള്ളന്റേതെന്ന് കരുതപ്പെടുന്ന ക്ഷമാപണം. സംഭവത്തില്‍ കേസെടുത്ത മേഘനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.