ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ മദ്യപിക്കുന്ന സംസ്ഥാനങ്ങള്‍

ഇത്തവണത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യ വില്‍പ്പന ആയിരുന്നു. ബെവ്‌കോ ഓണത്തിന് വിറ്റഴിച്ചത് 818.21 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ബെവ്കോയുടെ ഓണം വില്‍പ്പന 809.25 കോടി രൂപയായിരുന്നു. ഇത്തവണ സെപ്റ്റംബര്‍ 6 മുതല്‍ 17 വരെയുള്ള വില്‍പ്പനയിലൂടെയാണ് സംസ്ഥാനത്ത് 818.21 കോടി രൂപയയുടെ വില്‍പ്പന നടന്നത്.

എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന സംസ്ഥാനം കേരളമാണോ? ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ പോലും കേരളം ഇല്ല. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-5 2019-2020ല്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പട്ടിക.

അരുണാചല്‍ പ്രദേശ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അരുണാചല്‍ പ്രദേശില്‍ 15 മുതല്‍ 49 വയസ് വരെ പ്രായമുള്ള സ്ത്രീകളില്‍ 26% മദ്യം ഉപയോഗിക്കുന്നു. അരുണാചലിന്റെ സാസംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി അതിഥികള്‍ക്ക് ‘അപ്പോങ്’ എന്ന് വിളിക്കുന്ന റൈസ് ബിയര്‍ നല്‍കുന്നത് ഇവിടെ സാധാരണമാണ്. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഇവരുടെ രീതിയാണ് സ്ത്രീകളിലെ ഉയര്‍ന്ന മദ്യ ഉപഭോഗത്തിന് കാരണമായി പറയുന്നത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സിക്കിം. 16.2% സ്ത്രീകളാണ് സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്നത്. ഗാര്‍ഹിക തലത്തില്‍ പോലും ഇവിടെ പ്രാദേശികമായി മദ്യം ഉത്പാദിപ്പിക്കുന്നതാണ് സ്ത്രീകളിലെ ഉയര്‍ന്ന മദ്യപാനത്തിന് കാരണമായി പറയുന്നത്. ഇത് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഒരു പാരമ്പര്യമാണ്.

മൂന്നാം സ്ഥാനത്തുള്ളതും വടക്ക് കിഴക്കന്‍ സംസ്ഥാനമാണ്. അസമാണ് 7.3% ഉപഭോഗവുമായി മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ രണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെപ്പോലെ അസമിലെ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കും മദ്യം ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് പാരമ്പര്യത്തിന്റെ കൂടി ഭാഗമാണ്.

നാലാം സ്ഥാനത്തുള്ളത് ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ്. പട്ടികയില്‍ നാലാമത് നില്‍ക്കുന്ന തെലങ്കാനയില്‍ 6.7% സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്നു. തെലങ്കാനയില്‍ നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ സ്ത്രീകളാണ് കൂടുതല്‍ മദ്യം ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അഞ്ചാം സ്ഥാനത്തുള്ളത് ജാര്‍ഖണ്ഡ് ആണ്. 6.1% സ്ത്രീകളാണ് ജാര്‍ഖണ്ഡില്‍ മദ്യം ഉപയോഗിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട ഗോത്ര വിഭാഗങ്ങളിലാണ് മദ്യ ഉപഭോഗം കൂടുതലായി കാണപ്പെടുന്നത്. തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതികൂലമായ ജീവിത സാഹചര്യങ്ങളില്‍ ഇവര്‍ മദ്യത്തില്‍ അഭയം തേടുന്നു.

പട്ടികയിലെ ഏക കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 5% സ്ത്രീകളും ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നു. സാമൂഹിക ആചാരങ്ങള്‍, സമ്മര്‍ദ്ദം തുടങ്ങിയവയാണ് മദ്യപാനത്തിന് കാരണമായി പറയുന്നത്. ഏഴാം സ്ഥാനത്തുള്ള സംസ്ഥാനം ഛത്തീസ്ഗഢ് ആണ്. സംസ്ഥാനത്തെ 5% സ്ത്രീകളും മദ്യപിക്കുന്നു. അവസരങ്ങളിലെ അസമത്വവും സമ്മര്‍ദ്ദവുമാണ് ഇവിടെ സ്ത്രീകളിലെ മദ്യപാനശീലത്തിന്റെ പ്രധാനകാരണങ്ങള്‍.