18ാം ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ പദവി പിടിക്കാന്‍ പദ്ധതിയുമായി ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎയുടെ സഖ്യകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി മുന്നോട്ടുവച്ച വ്യവസ്ഥയനുസരിച്ച് സ്പീക്കര്‍ പദവി സഖ്യകക്ഷിയ്ക്കായിരുന്നു. എന്നാല്‍ സ്പീക്കര്‍ പദവി നിലനിറുത്താനാണ് ബിജെപിയുടെ നീക്കം.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ നേടിയ ബിജെപിയ്ക്ക് ഇത്തവണ നേടാനായത് 240 സീറ്റുകളാണ്. പ്രതിപക്ഷം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച ഇത്തവണ ലോക്‌സഭയില്‍ ബിജെപിയ്ക്ക് സ്പീക്കര്‍ പദവി നിലനില്‍പ്പിന്റെ കൂടി വിഷയമാണ്. സഖ്യകക്ഷിയായ ടിഡിപിയ്ക്ക് സ്പീക്കര്‍ പദവിയ്ക്ക് പകരം ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാനാണ് ആലോചന.
ഇതിനായി ടിഡിപി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായി അനുനയന ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗിനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്. അതേസമയം കൂടിയാലോചനയിലൂടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാമെന്ന നിലപാടിലാണ് ടിഡിപി.
എന്നാല്‍ ബിജെപി എന്ത് തീരുമാനിച്ചാലും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന നിലപാടിലാണ് നിതീഷ് കുമാറിന്റെ ജെഡിയു. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ പദവിയിലേക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന നിലപാടിലാണ് ഇന്ത്യ സഖ്യം. നിലവില്‍ ലോക്‌സഭ പ്രോ ടേം സ്പീക്കറായി കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു.
Read more
മാവേലിക്കര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ കൊടിക്കുന്നില്‍ സുരേഷ് എംപിമാരുടെ സത്യപ്രതിജ്ഞ നിയന്ത്രിക്കും. ജൂണ്‍ 24ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കൊടിക്കുന്നില്‍ സുരേഷിന് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് മന്ത്രിസഭയ്ക്കും മറ്റ് എംപിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.