ഭഗവദ്ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള പുസ്തകം പുറത്തിറക്കി ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വര്‍ഷം മുതലാണ് ഭഗവദ്ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കുക. നിലവില്‍ ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകമാണ് പുറത്തിറക്കിയിട്ടുള്ളത്.
ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവും ഉടന്‍ പുറത്തിറങ്ങും. രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കാനാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഗീത ജയന്തി ദിനത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍ പുസ്തകം പുറത്തിറക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് സപ്ലിമെന്ററി പുസ്തകം പുറത്തിറക്കിയതെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി പ്രഫുല്‍ പന്‍ഷെരിയ അറിയിച്ചു. രാജ്യത്തിന്റെ വൈവിധ്യപൂര്‍ണവും പുരാതനവുമായ സംസ്‌കാരത്തെ അടുത്തറിയാന്‍ ഭഗവത്ഗീത പഠനം കുട്ടികളെ പ്രാപ്തരാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read more
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്.
അതേ സമയം അലഹബാദ് സര്‍വകലാശാലയിലെ ഇന്റഗ്രേറ്റഡ് ബിബിഎ-എംബിഎ കോഴ്സിലും ഭഗവദ്ഗീത, രാമായണം, ഉപനിഷത്തുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.