ഷഹീൻ ബാഗ് പ്രക്ഷോഭം; ബദൽ സ്ഥലം കണ്ടെത്തുന്നതിനെ കുറിച്ച് സംസാരിക്കാൻ സുപ്രീം കോടതിയുടെ മദ്ധ്യസ്ഥർ

പൗരത്വ നിയമ പൗരത്വ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ രണ്ടുമാസത്തിലേറെയായി കുത്തിയിരിപ്പ് സമരം നടത്തുന്ന പ്രതിഷേധക്കാരോട് സംസാരിക്കാൻ രണ്ട് മുതിർന്ന അഭിഭാഷകരെ സുപ്രീം കോടതി തിരഞ്ഞെടുത്തു. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവർ പ്രതിഷേധക്കാരെ കാണുകയും റോഡ് വഴി തിരിച്ചുവിടലും ഉപരോധവും കാരണം യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മറ്റൊരു സ്ഥലത്ത് പ്രക്ഷോഭം തുടരാൻ ആവശ്യപ്പെടുകയും ചെയ്യും.

“പ്രതിഷേധിക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. റോഡ് തടയാതെ അവർക്ക് പ്രതിഷേധം തുടരാൻ കഴിയുന്ന ബദൽ മേഖല എന്താണ്?” സുപ്രീം കോടതി ചോദിച്ചു.

ഇതിന് മറുപടിയായി “അവർക്ക് ഒരു സ്ഥലം തിരഞ്ഞെടുക്കാം” എന്ന് ഡൽഹി പൊലീസിന്റെ അഭിഭാഷകൻ പറഞ്ഞു.

“എല്ലാത്തിനും രേഖകളും അതിരുകളുമുണ്ട്. നിങ്ങൾ പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നു. പ്രശ്‌നമില്ല. എന്നാൽ നാളെ സമൂഹത്തിലെ മറ്റൊരു വിഭാഗം മറ്റൊരു പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചേക്കാം … ഗതാഗത തടസം ഉണ്ടാവണ്ടിരിക്കുന്നതിന് ചില രീതികൾ ഉണ്ടായിരിക്കണം, എല്ലാവരും റോഡുകൾ തടയാൻ തുടങ്ങിയാൽ ആളുകൾ എവിടെ പോകും എന്നതാണ് ഞങ്ങളുടെ ആശങ്ക.” സുപ്രീം കോടതി പറഞ്ഞു.

അവർക്ക് പ്രക്ഷോഭം തുടരാമെന്നും എന്നാൽ ധാരാളം ആളുകൾ ദിവസവും ഉപയോഗിക്കുന്ന റോഡിൽ പറ്റില്ലെന്നും പ്രതിഷേധക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകനോട് സുപ്രീം കോടതി പറഞ്ഞു.

“ഞങ്ങൾക്ക് കുറച്ച് സമയം നൽകുക, ഞങ്ങൾ അത് ചെയ്യാം,” അഭിഭാഷകൻ പറഞ്ഞു.

പ്രശ്‌നം രൂക്ഷമാക്കാൻ അധികൃതർ ആഗ്രഹിക്കുന്നില്ലെന്ന് ഡൽഹി സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

പ്രതിഷേധക്കാർ, കൂടുതലും സ്ത്രീകൾ, കുട്ടികളെ ഒരു പരിചയായി ഉപയോഗിക്കുന്നുവെന്ന് ഡൽഹി പൊലീസ് ആരോപിച്ചതിനെത്തുടർന്നാണ് സുപ്രീം കോടതി മദ്ധ്യസ്ഥരെ നിയമിച്ചത്.

“ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒന്നും ശരിയായില്ലെങ്കിൽ ഞങ്ങൾ അത് അധികാരികൾക്ക് വിട്ടുകൊടുക്കും. പക്ഷേ ഒരു പരിഹാരമുണ്ടാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഉന്നത കോടതി പറഞ്ഞു.