സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് കൂടുതല്‍ വിലക്കേര്‍പ്പെടുത്തി; സര്‍ക്കുലര്‍ പുറത്തിറക്കി ലോക്‌സഭ സെക്രട്ടേറിയറ്റ്

പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് കൂടുതല്‍ വിലക്ക്. സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി.

ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 142 എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്. ഇന്ന് അമിത്ഷാ പാര്‍ലമെന്റില്‍ എത്തിയേക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കൂടുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതേ സമയം സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ വിശദീകരണം നല്‍കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ ലോക്‌സഭ സ്പീക്കര്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.