മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയുക്ത മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായിയുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്. തികച്ചും അപ്രതീക്ഷിതമായാണ് ബിജെപി വിഷ്ണുദേവ് സായിയെയും മോഹന്‍ യാദവിനെയും മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്.

സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുക്കും. ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഒബിസി നേതാവായ മോഹന്‍ യാദവ്. ബിജെപിയെ വീണ്ടും മധ്യപ്രദേശില്‍ അധികാരത്തിലെത്തിച്ച ചൗഹാനെ മാറ്റി നിറുത്തിയാണ് പാര്‍ട്ടി മോഹന്‍ യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി വിഷ്ണുദേവ് സായി ഗോത്ര വിഭാഗക്കാരനാണ്. സംസ്ഥാനത്തെ ഗോത്ര വിഭാഗത്തെ ഒപ്പം നിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി വിഷ്ണുദേവ് സായിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് പാര്‍ട്ടി പുതിയ തീരുമാനത്തിലെത്തിയത്. കുങ്കുരിയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട വിഷ്ണുദേവ് 2020 മുതല്‍ 2022 വരെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.