മാന്ത്രിക വിരലുകളുടെ താളം നിലച്ചു; തബല മാന്ത്രികന്‍ ഉസ്താദ് സാകിര്‍ ഹുസൈന്‍ അന്തരിച്ചു; മലയാളത്തിനും നഷ്ടം

തബല മാന്ത്രികന്‍ ഉസ്താദ് സാകിര്‍ ഹുസൈന്‍ അന്തരിച്ചു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1951 മാര്‍ച്ച് 9ന് മുംബൈയിലായിരുന്നു സാക്കിര്‍ ഹുസൈനിന്റെ ജനനം.

1988ല്‍ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. 2002ല്‍ സംഗീത രംഗത്തെ സംഭാവനകള്‍ക്ക് രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു . 1നാല് തവണ അദ്ദേഹത്തിന് ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . 2023 മാര്‍ച്ച് 22 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ മികവ് കാട്ടിയ അദ്ദേഹം 12 വയസ്സുള്ളപ്പോള്‍ കച്ചേരികളില്‍ അവതരിപ്പിക്കാന്‍ തുടങ്ങി.

ഐതിഹാസിക പോപ്പ് ബാന്‍ഡ് ദി ബീറ്റില്‍സ് ഉള്‍പ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. ശക്തി’ എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡിന് 1974ല്‍ രൂപം നല്‍കി. 1999-ല്‍ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. മലയാളത്തില്‍ ‘വാനപ്രസ്ഥം’ അടക്കം ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കി. കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.