ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകള്‍ കാഴ്ചയില്‍ മൃഗങ്ങളെപ്പോലെയാവാന്‍ ശ്രമിക്കുന്നുവെന്ന് താലിബാന്‍. കാണ്ഡഹാറില്‍ തെരുവുകളില്‍ പതിച്ച പോസ്റ്ററുകളിലാണ് താലിബാന്‍ പരാമര്‍ശം. നഗരത്തിലെ കടകളിലും തെരുവുകളിലടക്കം താലിബാന്റെ പൊലീസ് സേന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
ഇറക്കം കുറഞ്ഞതും ഇറുക്കമുള്ളതും സുതാര്യവുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിയമ വിരുദ്ധമാണെന്നും അത്തരം വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് നേരെ നിയമ നടപടിയെടുക്കുമെന്നും പോസ്റ്ററില്‍ പറയുന്നു. പൊലീസ് പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ച് താലിബാന്‍ വക്താവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യം അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
“ഞങ്ങൾ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്, മുഖം മറയ്ക്കാത്ത സ്ത്രീകളെ പൊതുസ്ഥലത്ത് കണ്ടാൽ ഞങ്ങൾ അവരുടെ കുടുംബങ്ങളെ അറിയിക്കുകയും ഉത്തരവനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുമെന്ന്” കാണ്ഡഹാറിലെ മന്ത്രാലയ മേധാവി അബ്ദുൾ റഹ്മാൻ തയേബി എഎഫ്‌പിയോട് പറഞ്ഞു. മുഖം മറയ്ക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ വീട്ടില്‍ വിവരം അറിയിക്കുമെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും താലിബാന്‍ അധികൃതര്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
Read more
അധികാരം പിടിച്ചെടുത്തതിനുശേഷം, താലിബാൻ അഫ്ഗാൻ സ്ത്രീകൾക്ക്മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. മേയിൽ, രാജ്യത്തെ പരമോന്നത നേതാവും താലിബാൻ മേധാവിയുമായ ഹിബത്തുള്ള അഖുന്ദ്‌സാദ സ്ത്രീകൾ പൊതുവെ വീട്ടിൽ തന്നെ കഴിയണമെന്നും, പൊതുസ്ഥലത്ത് ഇറങ്ങേണ്ടി വന്നാൽ മുഖം ഉൾപ്പെടെ പൂർണ്ണമായും മറയ്ക്കണമെന്നും ഉത്തരവിട്ടിരുന്നു.