കേരളത്തിലെ കര്‍ഷകര്‍ തങ്ങള്‍ കൈമാറിയ നെല്ലിന്റെ പണത്തിനായി സമരത്തിന് ഇറങ്ങിയപ്പോള്‍ പുതിയ മാതൃക തീര്‍ത്ത് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ വിളവെടുപ്പ് കാലം ആരംഭിച്ചതോടെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഉത്തരവ് സ്റ്റാലിന്‍ സര്‍ക്കാര്‍ പുറത്തിറക്കി. കര്‍ഷകരില്‍ നിന്ന് നേരിട്ടല്ലാതെ മറ്റാരില്‍ നിന്നും നെല്ല് സംഭരിക്കരുതെന്ന് തമിഴ്നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (വൈഎന്‍സിഎസ്സി) അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കര്‍ഷകരില്‍ നിന്നാലെ ഇടനിലക്കാരില്‍ നിന്നും നെല്ല് സംഭരിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ഉത്തരവിലൂടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ജില്ലാതല അധികൃതരെ അറിയിച്ചിട്ടുണ്ട്.
സിവില്‍ സപ്ലൈസ് ജില്ലാ സംഭരണ കേന്ദ്രത്തിലെ (ഡിപിസി) ഏതെങ്കിലും ഉദ്യേഗസ്ഥര്‍ നെല്ല് സംഭരണം കൈക്കൂലിക്കായി വൈകിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് പരാതി അറിയിക്കാം. ഉടന്‍ തന്നെ ഈ ഉദ്യേഗസ്ഥനെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് തമിഴ്നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (ടിഎന്‍സിഎസ്സി) മാനേജിംഗ് ഡയറക്ടര്‍ എ. അണ്ണാദുരൈ വ്യക്തമാക്കി.
തമിഴ്നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാര്‍ഗനിര്‍ദേശപ്രകാരം കര്‍ഷകര്‍ക്ക് എ ഗ്രേഡ് നെല്ലിന് ക്വിന്റലിന് 2310 രൂപയും സാധാരണ നെല്ലിന് 2265 രൂപയും നേരിട്ടുള്ള സംഭരണ കേന്ദ്രങ്ങളില്‍ നിന്നു തന്നെ ലഭിക്കും. കേരളത്തിലേത് പോലെ നെല്ല് സപ്ലൈകോയ്ക്ക് നല്‍കി അതിന്റെ വിലക്കായി തമിഴ്‌നാട്ടില്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. കര്‍ഷകര്‍ക്ക് സംഭരണ കേന്ദ്രത്തില്‍ നിന്നുതന്നെ അതിനുള്ള വില ലഭിക്കും.
Read more
ഒരോ ജില്ലകളിലെയും നെല്‍ വിളവെടുപ്പിന്റെ അടിസ്ഥാനത്തില്‍ അതത് ഡിപിസികളുടെ എണ്ണം ജില്ലാ കളക്ടര്‍ തീരുമാനിക്കും. നെല്ല് സംഭരണത്തിന് ഇടനിലക്കാര്‍ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകരെ രക്ഷിക്കാനാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിപിസികളിലേക്ക് നെല്ല് വിതരണം ചെയ്യുന്ന കര്‍ഷകരുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതോടെ ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്ന് എ. അണ്ണാദുരൈ അറിയിച്ചു.