തമിഴ്നാട് ദുരഭിമാനക്കൊല കേസ്; പത്ത് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ

തമിഴ്‌നാട് ദുരഭിമാനക്കൊലകേസില്‍ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മധുരയിലെ പ്രത്യേക കോടതി. കേസിലെ മുഖ്യപ്രതിയായ യുവരാജിന് മൂന്ന് കേസുകളില്‍ ജീവപര്യന്തവും മറ്റ് അഞ്ച് പേര്‍ക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷയാണ് വിധിച്ചത്. പിന്നാക്ക ജാതി സമുദായമായ കൊങ്കു വെള്ളാളര്‍ക്കുവേണ്ടി പോരാടുന്ന ധീരന്‍ ചിന്നമലൈ പേരവൈയുടെ തലവനാണ് യുവരാജ്.

2015 ലാണ് ദളിത് വിഭാഗത്തില്‍പ്പെട്ട എഞ്ചിനീയറായി ജോലി ചെയ്തിരുന്ന 21 കാരനായ ഗോകുല്‍രാജ് എന്ന യുവാവിനെ സംഘം കൊലപ്പെടുത്തിയത്. ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിലാണ് ഗോകുല്‍രാജിനെ കൊല്ലപ്പെടുത്തിയത്.

പെണ്‍കുട്ടിയോട് സംസാരിച്ച് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് രണ്ട് മണിക്കൂറിനുള്ളിലാണ് നാമക്കല്‍ ജില്ലയിലെ റെയില്‍വേ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തിനോട് സംസാരിച്ച് നിന്നിരുന്ന ഗോകുല്‍രാജിനെ ഒരു സംഘം ആളുകള്‍ ക്ഷേത്രത്തില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്രാക്കില്‍ കിടത്തുന്നതിന് മുമ്പ് തന്നെ ഗോകുല്‍രാജ് മരിച്ചിരുന്നതായി സൂചന ലഭിച്ചതിനാല്‍ നാമക്കല്‍ ജില്ലയില്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ അഞ്ച് പ്രതികളെ കഴിഞ്ഞയാഴ്ച വെറുതെ വിട്ടിരുന്നു.

ഗോകുല്‍രാജിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച് കുറിപ്പിന്റെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിനും സംശയാസ്പദമായ മരണത്തിനും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ച് ഗോകുല്‍രാജിന്റെ കുടുംബം രംഗത്തെത്തി. കൊലപാതകത്തിന് കേസെടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം തീരുമാനിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.