തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

തെലങ്കാന സര്‍ക്കാര്‍ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പൂര്‍ത്തിയാക്കി. പരിശീലനം പൂര്‍ത്തിയാക്കിയ 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ ഇന്ന് നിയമനം നല്‍കി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായാണ് സര്‍ക്കാര്‍ നടപടി. ഹൈദരാബാദ് നഗരത്തിലെ വിവിധ ജംഗ്ഷനുകളില്‍ ട്രാഫിക് അസിസ്റ്റന്റ് ആയാണ് നിയമനം.

ട്രാഫിക് മാനേജ്‌മെന്റ്, ഔട്ട്‌ഡോര്‍, ഇന്‍ഡോര്‍ ഡ്യൂട്ടികള്‍, മറ്റ് സാങ്കേതിക വശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 15 ദിവസത്തെ പരിശീലനമാണ് ഇവര്‍ക്ക് ലഭിച്ചത്. പൊലീസ് ആസ്ഥാനത്ത് നടന്ന പാസിംഗ് ഔട്ട് പരേഡില്‍ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ 39 പേരേയും സേനയിലേക്ക് സ്വാഗതം ചെയ്തു.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പരിപൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സിപി ആനന്ദ് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ ട്രാഫിക് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം വിപ്ലവകരമായ തീരുമാനമാണെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.