'സൈന്യം വരേണ്ടതില്ല'; ഷിരൂരിലെ അപകട സ്ഥലത്തെത്തി എച്ച്ഡി കുമാരസ്വാമി

ഷിരൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ അപകട സ്ഥലത്തെത്തി കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി. നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്ന് എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും എന്‍ഡിആര്‍എഫ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം സൈന്യത്തിന്റെ സഹായം വേണമെന്നാണ് അർജുന്റെ കുടുംബം ആവശ്യപ്പെടുന്നത്. മണ്ണിടിച്ചിലിൽ കുടുങ്ങിയവര്‍ക്കായുള്ള തിരിച്ചില്‍ പുരോഗമിക്കുകയാണ്. നനഞ്ഞ മണ്ണും ഉറവകളും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അറുപതിലേറെ രക്ഷാപ്രവര്‍ത്തകരാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സിഗ്നല്‍ ലഭിച്ച മൂന്നിടങ്ങളില്‍ റഡാര്‍ ഉപയോഗിച്ച് എന്‍ഐടി. സംഘത്തിന്‍റെ പരിശോധന തുടരുകയാണ്. എന്നാല്‍ നനഞ്ഞ മണ്ണായതിനാല്‍ സിഗ്നല്‍ കൃത്യമല്ല. ലോറിയെക്കുറിച്ച് കൃത്യമായ സൂചനകളിലേക്ക് ഇതുവരെ എത്താനായില്ല.

ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. തിരച്ചില്‍ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചാം ദിവസമാണ്. അര്‍ജുനടക്കം 3 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തുണ്ട്. റഡാർ കൂടി എത്തിച്ചതോടെ തിരച്ചിലിന് വേഗം കൈവന്നു. സൂറത്കല് എന്ഐടിയിലെ വിദഗ്ധസംഘമാണ് റഡാറുമായുള്ള തിരച്ചിലിന് നേതൃത്വം നല്കുന്നത്.

Read more